38 വർഷം മുൻപാണ് നക്സലൈറ്റ് ഇന്ദിരയെ മലയാളി കാണുന്നത്. എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി വരുമ്പോൾ മുതൽ ഗീത എന്ന അഭിനേത്രിയെ പ്രേക്ഷകർ ശ്രദ്ധിച്ചു. രജനികാന്തിന്റെയും കമൽഹാസന്റെയും സിനിമകളിൽ അഭിനയിച്ച നടി എന്ന വിലാസവുമായി വന്നെങ്കിലും അഭിനയിച്ച എല്ലാ ഭാഷയിലും ഏറ്രവും മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ ശക്തമായ പകർന്നാട്ടം നടത്തുന്നതായിരുന്നു കാഴ്ച. ആവനാഴി, വൈശാലി, അമൃതംഗമയ, ഇൻസ് പെക്ടർ ബൽറാം, സുഖമോദേവി, ഋതുഭേദങ്ങൾ, വാത്സല്യം, നന്ദിനി ഒാപ്പോൾ, ഒരു വടക്കൻ വീരഗാഥ, ലാൽസലാം ,ആധാരം തുടങ്ങി മികച്ച സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ഗീതയെ മലയാളി ഓർക്കുന്നു.
മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ നായിക വേഷത്തിൽ നിറഞ്ഞു നിന്ന ഗീത മാതൃത്വം തുളമ്പുന്ന കഥാപാത്രമായി ജീവിതാഭിനയം തീർത്തു. മലയാളത്തിൽ നൂറിനടുത്ത് സിനിമകൾ. തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും നൂറിലധികം വരും. മികച്ച നടി എന്ന അംഗീകാരം മലയാളി പ്രേക്ഷകർ എത്രയോ വട്ടം നൽകി.
1997ൽ ചാർട്ടേഡ് അക്കൗണ്ടന്റ് വാസൻ ദത്തയെ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കി സിനിമയോട് വിട പറഞ്ഞ ഗീത ചെറിയ ഇടവേള കഴിഞ്ഞു മടങ്ങി എത്തിയപ്പോൾ മല്ലൂസിംഗ്, അൻവർ, സലാല മൊബൈൽസ്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയ ജീവിതത്തിൽ വീണ്ടും ഇടവേളയാണ്. ശക്തമായ കഥാപാത്രങ്ങൾ ലഭിക്കാത്തതിനാൽ മാറി നിൽക്കുന്നതാണ് നല്ലതെന്ന് ഗീത പലപ്പോഴും പറഞ്ഞു . മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചത് മലയാള സിനിമയും. സിനിമയോട് ഗീത ബൈ പറഞ്ഞിട്ടില്ല. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ തുടങ്ങിയ അഭിനയം. ജീവിതത്തിൽ മാത്രം അഭിനയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |