ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ നവജാതശിശു ജനിച്ചതിൽ സമരത്തിനൊരുങ്ങുന്നുവെന്നറിയിച്ച് പിതാവ് അനീഷ്. സംഭവത്തിൽ ഇനിയും ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജും ഡിഎംഒയും ഇടപെട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർമാരെ സംരക്ഷിക്കുന്ന നടപടിയാണ് നിലവിലുള്ളതെന്നും ആശുപത്രിയുടെ വാതിൽക്കൽ പോയി അവിടെ നിന്ന് നീതി നേടുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിൽ ലാബിലെ സ്കാനിംഗ് സെന്ററുകൾ മാത്രമാണ് പൂട്ടിപ്പിച്ചത്. അതും റെക്കോർഡ് സൂക്ഷിക്കാത്തതിന്റെ പേരിലാണ്. ആരോഗ്യമന്ത്രി ആലപ്പുഴ വരെ വന്നിട്ടും ഒന്നു തിരഞ്ഞുനോക്കിയില്ല. ഡോക്ടർമാരുടെ സംഘടന വളരെ വലുതാണ്. അവരെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഇനിയൊരു അനാസ്ഥയുണ്ടാകരുത്. ഇത് അവസാനത്തേതായിരിക്കണം. കുഞ്ഞിന്റെ തലച്ചോറിനും ഹൃദയത്തിനും പ്രശ്നമുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തനാണ്. ആലപ്പുഴയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടൽ കൊണ്ടാണ് ഇത്രയെങ്കിലുമായത്. എന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥ മനസിലാക്കണം'- അനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |