തിരുവനന്തപുരം : അടുത്തവർഷം ആദ്യം ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ വോളിബാൾ ടീമിനെ തിരഞ്ഞെടുക്കുന്നതിന് റിട്ട.ഹൈക്കോടതി ജഡ്ജി ചെയർമാനായി മോണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നൽകി സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ. മുൻകാല കായികതാരങ്ങളേയും ഒളിമ്പിക് അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ,കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ എന്നീ സംഘടനകളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് 11 അംഗ കമ്മറ്റി രൂപീകരിച്ചത്.
റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രനാണ് ചെയർമാൻ. മുൻ വോളിബാൾ താരങ്ങളായ കെ.സി ഏലമ്മ,അബ്ദുൽ റസാഖ്, മൊയ്തീൻ നൈന, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ എസ്.എൻ രഘുചന്ദ്രൻ നായർ, യു.തിലകൻ, ജി.വിദ്യാധരൻ പിള്ള,സി.ടി സോജി,വോളിബാൾ അസോസിയേഷൻ പ്രതിനിധികളായ ബിനോയ് ജോസഫ്,സി.ടി സത്യൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ ജെ.ആർ രാജേഷ് എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. എല്ലാ ജില്ലകളിലും മോണിറ്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തി തിരഞ്ഞെടുക്കുന്ന താരങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന തല സെലക്ഷൻ ട്രയൽസിലൂടെയാവും ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുക.
ദേശീയ ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകളെ ഏൽപ്പിച്ചിരിക്കുന്ന ടീം സെലക്ഷൻ സുതാര്യമായി നടത്തുകയാണ് ലക്ഷ്യമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ കേരള കൗമുദിയോട് പറഞ്ഞു.
ദേശീയ ഫെഡറേഷനിലെ തമ്മിലടിയും വിലക്കും കാരണം 2023ൽ ഗോവയിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ നിന്ന് വോളിബാൾ ഒഴിവാക്കിയിരുന്നു.
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വോളിബാൾ ഉൾപ്പടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്.
ഫെഡറേഷനിലെ തർക്കം തുടരുന്നതിനാൽ ദേശീയ ചാമ്പ്യൻഷിപ്പുകൾ വോളിബാളിൽ ഈ വർഷവും നടന്നിട്ടില്ല. അതിനാൽ ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട എട്ടു ടീമുകളെ കണ്ടെത്താനുള്ള ഫോർമുലയും ഐ.ഒ.എ തീരുമാനിച്ചു.
2022 ദേശീയ ഗെയിംസിൽ പങ്കെടുത്ത ആതിഥേയരായ ഗുജറാത്ത് ഒഴികെയുള്ള ഏഴ് ടീമുകൾക്കും ഇത്തവണത്തെ ആതിഥേയരായ ഉത്തരാഖണ്ഡിനുമാണ് ഇക്കുറി അവസരം.
ഇവിടങ്ങളിൽ നിന്ന് അതത് സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകളും സ്റ്റേറ്റ് വോളിബാൾ അസോസിയേഷനുകളും ചേർന്ന് ടീമിനെ തിരഞ്ഞെടുത്ത് ദേശീയ ഗെയിംസിന് അയയ്ക്കണമെന്നാണ് ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷയുടെ ഉത്തരവ്.
കേരളത്തിൽ സ്റ്റേറ്റ് വോളിബാൾ അസോസിയേഷനെ സ്പോർട്സ് കൗൺസിൽ വിലക്കി ടെക്നിക്കൽ കമ്മറ്റിയെ ചുമതലയേൽപ്പിച്ചതിനാലാണ് ഒളിമ്പിക് അസോസിയേഷന് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |