പിങ്ക് ബാൾ ടെസ്റ്റിൽ ഇന്ത്യ 180 റൺസിന് ആൾഔട്ട്
മിച്ചൽ സ്റ്റാർക്കിന് ആറുവിക്കറ്റ്, ഓസ്ട്രേലിയ 86/1
അഡ്‌ലെയ്ഡ് : ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗിൽ തിരിച്ചടി നേരിട്ട് ഇന്ത്യ. അഡ്‌ലെയ്ഡിൽ പിങ്ക് പന്തുപയോഗിച്ചു നടക്കുന്ന ഡേ ആൻഡ് നൈറ്റായി നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റൺസിന് ആൾഔട്ടാവുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി (48 റൺസ് വഴങ്ങി ആറുവിക്കറ്റ്) തിളങ്ങിയ പേസർ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തത്. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം കളിനിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ ആതിഥേയർക്ക് ഇനി 94 റൺസ് മതിയാകും.
മത്സരത്തിന്റെ ആദ്യ പന്തിൽതന്നെ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ വിക്കറ്റിന് മുന്നിൽകുരുക്കി ഡക്കാക്കി മടക്കിയ മിച്ചൽ സ്റ്റാർക്ക് പിന്നീട് കെ.എൽ രാഹുൽ(37),വിരാട് കൊഹ്‌ലി (7), നിതീഷ് കുമാർ റെഡ്ഡി(42),അശ്വിൻ (22), ഹർഷിത് റാണ(0) എന്നിവരെക്കൂടി കൂടാരം കയറ്റി ഇന്ത്യയുടെ നട്ടെല്ലൊടിക്കുകയായിരുന്നു.രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി പാറ്റ് കമ്മിൻസും സ്കോട്ട് ബോളാണ്ടും സ്റ്റാർക്കിന്റെ ആറാട്ടിന് കൂട്ടുനിന്നു. പരിക്ക്മാറി ടീമിലേക്ക് തിരിച്ചെത്തിയ ശുഭ്മാൻ ഗിൽ 37 റൺസ് നേടിയപ്പോൾ മദ്ധ്യനിരയിലേക്ക് മാറിയ നായകൻ രോഹിത് ശർമ്മ (3) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. റിഷഭ് പന്ത് 21 റൺസ് നേടി.
ആദ്യ പന്തിൽ യശ്വസി പോയശേഷം ക്രീസിൽ ഒരുമിച്ച രാഹുലും ഗില്ലും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്ത് രക്ഷപെടലിന്റെ ലക്ഷണം കാട്ടിയെങ്കിലും 111 റൺസെടുക്കുന്നതിനിടെ അവസാന ഒൻപത് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 19-ാം ഓവറിൽ രാഹുലിനെ മക്സ്വീനിയുടെ കയ്യിലെത്തിച്ച് സ്റ്റാർക്കാണ് സഖ്യം തകർത്തത്.21-ാം ഓവറിൽ വിരാടിനെയും കൂടി സ്റ്റാർക്ക് മടക്കി അയച്ചു.അടുത്ത ഓവറിൽ ഗില്ലിനെ ബോളണ്ട് എൽ.ബിയിൽ കുരുക്കിയതോടെ ഇന്ത്യ 81/4 എന്ന നിലയിലായി. 87 ലെത്തിയപ്പോൾ രോഹിതും മടങ്ങി. 109ലെത്തിച്ച ശേഷമാണ് റിഷഭ് കമ്മിൻസിന്റെ പന്തിൽ ലാബുഷയ്ന് ക്യാച്ച് നൽകിയത്. 109/6 എന്ന നിലയിൽ നിന്ന് അശ്വിനും നിതീഷും ചേർന്ന് 141ലെത്തിച്ചു. അശ്വിനും റാണയും സ്റ്റാർക്കിനിരയായും ബുംറ(0) കമ്മിൻസിന് ഇരയായും മടങ്ങുമ്പോൾ ഒറ്റയാനായി പൊരുതി 54 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടക്കം 44 റൺസ് നേടി ടോപ് സ്കോററായ നിതീഷിനെ ട്രാവിസ് ഹെഡിന്റെ കയ്യിലെത്തിച്ച് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടതും സ്റ്റാർക്കാണ്.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഉസ്മാൻ ഖ്വാജയുടെ (13) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 11-ാം ഓവറിൽ ബുംറയുടെ പന്തിൽ ഖ്വാജയെ രോഹിതാണ് പിടികൂടിയത്. 38 റൺസുമായി നഥാൻ മക്‌സ്വീനിയും 20 റൺസുമായി മാർനസ് ലാബുഷേയ്നുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |