കയ്പമംഗലം: കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉൾപ്പെടെ രണ്ട് പേർ വധശ്രമക്കേസിൽ അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും മതിലകം സ്റ്റേഷൻ റൗഡികളുമായ കൂളിമുട്ടം ഭജനമഠം സ്വദേശികളായ ഇളയരാംപുരയ്ക്കൽ രാഹുൽരാജ് (32), കൂരാംപുറത്ത് വീട്ടിൽ അഖിൽ (30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. രാഹുൽരാജിന്റെ ബന്ധുവും അയൽവാസിയുമായ ഇളയരാംപുരയ്ക്കൽ പ്രശോഭിയെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. നേരത്തെയും പ്രശോഭിയുടെ കുടുംബത്തിന് നേരെ ഇവർ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് രാഹുൽരാജിനെ കാപ്പ ചുമത്തി ജയലിടച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പ്രശോഭിയെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊല്ലം കരുനാഗപ്പള്ളി അഴീക്കലിൽ നിന്നാണ് പിടികൂടിയത്. ഇവിടെ കടലിൽ മത്സ്യത്തൊഴിലാളിയായി കഴിഞ്ഞു വരികയായിരുന്നു. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽരാജ്. ഇയാളെ രണ്ട് തവണ മതിലകം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. അഖിൽ പത്തോളം കേസുകളിലും പ്രതിയാണ്. മതിലകം പൊലീസ് ഇൻസ്‌പെക്ടർ എം.കെ. ഷാജി, എസ്.ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, ജിംബിൾ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുഹമ്മദ് റാഫി, സി.പി.ഒമാരായ ആന്റണി, വിപിൻദാസ്, സബീഷ്, ഷിഹാബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |