ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് 944.80 കോടി രൂപ കേന്ദ്രസഹായം.
നാശനഷ്ടം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ മൂന്നാം നാളാണ് ധനസഹായം. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2000 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്ന് കഴിഞ്ഞ രണ്ടിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
അടുത്ത ദിവസം തന്ന മോദി വിളിച്ചു. ഇന്നലെ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തി. രാത്രിയോടെ കേന്ദ്രം തുക അനുവദിച്ചുവെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നുവെന്ന് കേരളം മുറവിളി കൂട്ടുമ്പോഴാണ് തമിഴ്നാടിന് കേന്ദ്രത്തിന്റെ കൈയയച്ചുള്ള സഹായം. ഇന്നലെ തന്നെ തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കളും ഒ.പന്നീർശെൽവം ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കളും കേന്ദ്രം തമിഴ്നാടിന് മതിയായ സഹായം നൽകുമെന്ന് പൊതുവേദികളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം എൻ.ഡി.എ ഭരിക്കുന്ന പുതുച്ചേരിക്ക് കേന്ദ്ര സഹായം ലഭ്യമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സർക്കാരിന് നാശനഷ്ടത്തിന്റെ കണക്ക് നൽകുന്നത് വൈകിയതാണ് കാരണമായി പറയുന്നത്. 600 കോടി രൂപ കേന്ദ്രസഹായമായി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് കത്ത് അയച്ചത്.കേന്ദ്ര സംഘത്തേയും പുതുച്ചേരിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
614.88 കോടി രൂപയാണ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടത്തിന്റെ താൽക്കാലിക ചെലവ് പുതുച്ചേരി സർക്കാർ വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മിക്ക റോഡുകളും തകർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തെ നഗരഗ്രാമീണ റോഡുകൾ തകർന്നത് ഒരു പ്രത്യേക കേസായി പരിഗണിച്ച് പുനഃസ്ഥാപിക്കുന്നതിന് 427 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. പുതുച്ചേരി സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് 5000 രൂപ വീതം സഹായം പ്രഖ്യാപിച്ചു. 177 കോടി രൂപയാണ് ഇതിനായി വേണ്ടത്. പുതുച്ചേരിയുടെ ഭാഗമായ കരയ്ക്കലിലും വൻനാശ നഷ്ടമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |