ഹൈദരാബാദ്: പുഷ്പ 2റിലീസ് തിരക്കിനിടെയുണ്ടായ സ്ത്രീ മരിച്ച സംഭവത്തിൽ കേസെടുത്തതിനെത്തുടർന്ന് നിയമോപദേശം തേടി നടൻ അല്ലു അർജുൻ. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ സിനിമാ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. സംഭവം നിർഭാഗ്യകരമെന്നും മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകുമെന്നും അറിയിച്ചു. അല്ലു അർജുന്റെ സുരക്ഷാ സംഘത്തിനെതിരെയും തിയേറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. 'അല്ലു തിയേറ്ററിലെത്തുമെന്ന് മാനേജ്‌മെന്റിന് അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്‌മെന്റ് ഒരുക്കിയിരുന്നില്ലെന്നും ഹൈദരാബാദ് ഡി.സി.പി പറഞ്ഞു.
റിലീസിന്റെ ഭാഗമായി വൻ ജനക്കൂട്ടമാണ് ബുധനാഴ്ച രാത്രി തിയേറ്ററിനുമുന്നിൽ തടിച്ചുകൂടിയത്. ഇവർക്കിടയിലേക്കാണ് അല്ലു എത്തിയത്. സംവിധായകൻ സുകുമാറും ഒപ്പമുണ്ടായിരുന്നു. അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ തിരക്ക് വർദ്ധിച്ച് ഉന്തും തള്ളുമായി.
പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. ഇതോടെയുണ്ടായ തിരക്കിലാണ് രേവതി മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് ഇവർ എത്തിയത്.
സ്‌പ്രേ; കാണികൾക്ക്
അസ്വസ്ഥത
അതിനിടെ, ബാന്ദ്രയിൽ പുഷ്പ 2 പ്രദർശനത്തിനിടെ തിയറ്ററിനുള്ളിൽ സ്‌പ്രേ പ്രയോഗം.
കാണികൾക്ക് ചുമയും അസ്വസ്ഥതയും ഉണ്ടായി. ഗാലക്സി തിയേറ്ററിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇന്റർവെല്ലിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം. കാണികളിൽ ഒരാൾ സ്‌പ്രേ അടിക്കുകയും മറ്റുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
ആരാണ് സ്‌പ്രേ അടിച്ചതെന്നോ എന്താണ് സ്പ്രേ ചെയ്തതെന്നോ വ്യക്തമല്ല. കാണികൾ മുഖം മൂടുന്നതിന്റെയും ചിലർ പുറത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ പ്രദർശനം നിറുത്തിവച്ചു.
'ആരോ സ്‌പ്രേ ചെയ്തു. ഉടനെ എല്ലാവരും ചുമച്ചു. ചിലർ ഛർദ്ദിച്ചു. പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. വാതിലുകൾ തുറന്നപ്പോൾ മണം മാറി. ശേഷം സിനിമ പുനരാരംഭിച്ചു"- കാണികളിൽ ഒരാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |