□കേന്ദ്ര മന്ത്രിയുടേത് ക്രിയാത്മക സമീപനമെന്ന് മന്ത്രി റിയാസ്
ന്യൂഡൽഹി : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കാസർകോട് - തിരുവനന്തപുരം ദേശീയപാത 66-ന്റെ നിർമ്മാണം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രവർത്തനപുരോഗതി വിലയിരുത്തി. റിയാസും ചർച്ചയിൽ പങ്കെടുത്തു.
ആറു വരിയിൽ 45 മീറ്ററിലാണ് എൻ.എച്ച് 66ന്റെ വികസനം. നിതിൻ ഗഡ്കരി വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചിരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നൽകിയത്. 5580 കോടി രൂപ ഇതു വരെ ചെലവഴിച്ചു. 20 കൊല്ലം മുന്നിൽക്കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളും മുഖ്യമന്ത്രി സമർപ്പിച്ചു. ഇതിനോടും കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.
വൈകിയ 7 പദ്ധതികൾ
അംഗീകരിക്കും
വൈകിയ ഏഴു പദ്ധതികൾ അലൈൻമെന്റ് പുതുക്കി നൽകിയത് അംഗീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. 460 കിലോമീറ്റർ നീളമാണുള്ളത്. മലാപ്പറമ്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം- പൊൻകുന്നം, മുണ്ടക്കയം-കുമിളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമിളി. പോർട്ട് കണക്ടിവിറ്റി റോഡുകൾക്കു മുന്തിയ പരിഗണന നൽകും. ശബരിമല സീസണിൽ ഗതാഗതക്കുരുക്കുണ്ടാകുന്ന പുനലൂർ ബൈപാസ് വികസനത്തിനും ,തിക്കോടിയിൽ അടിപ്പാത, കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഒൻപത് കിലോമീറ്റർ എലിവേറ്റഡ് പാത എന്നിവ നിർമ്മിക്കുന്നതിനും അംഗീകാരം നൽകി.വന്ദേ ഭാരത് ട്രെയിനുകൾ വന്നതോടെ ജനങ്ങൾക്ക് സിൽവർ ലൈനിൽ താത്പര്യം വർദ്ധിച്ചെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു.
എൻ.എച്ച് 66ന്റെ റീച്ചുകളിലെ
നിർമ്മാണ പുരോഗതി
1. ചെങ്കള-നിലേശ്വരം- 58.5 %
2. നീലേശ്വരം-തളിപ്പറമ്പ്- 50%
3. തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി- 58.8 %
4. അഴിയൂര്‍-വെങ്കുളം- 45.7 %
5. കോഴിക്കോട് ബൈപ്പാസ്- 76%
6. കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്-55%
7. തലപ്പാടി-ചെങ്കള- 74.7%
8. രാമനാട്ടുകര-വളാഞ്ചേരി ബൈപാസ്- 80%
9. വളാഞ്ചേരി ബൈപാസ്-കരിപ്പാട്- 82%
10. കരിപ്പാട്-തളിക്കുളം- 49.7%
11. തളിക്കുളം-കൊടുങ്ങല്ലൂർ- 43%
12. പറവൂർ-കോട്ടുകുളങ്ങര- 44.4%
13. കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം- 50%
14. കടമ്പാട്ടുകോണം-കഴക്കൂട്ടം- 35.7%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |