കൊച്ചി: ചൈനയിലേക്ക് നിയമ വിരുദ്ധമായി പാഴ്‌സൽ അയച്ചെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ വെർച്വൽ അറസ്റ്റിലാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി കെ.പി. ജാഫറിനെയാണ് (28) കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. കൊറിയൽ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടത്.
ചൈനയിലെ ഷാംഗ് ഹായിയലേക്ക് നിയമവിരുദ്ധമായി എ.ടി.എം കാർഡ്, ലാപ്‌ടോപ്, എം.ഡി.എം.എ, പണം എന്നിവ പരാതിക്കാരന്റെ പേരിലുള്ള മുംബയ് വിലാസത്തിൽ നിന്ന് അയച്ചിട്ടുണ്ടെന്നും ഇതിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് പ്രതി അറിയിച്ചത്. തുടർന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് കോടതിക്ക് പരിശോധിക്കണമെന്നും ഇതിനായുള്ള തുക താൻ നൽകുന്ന നോട്ടറിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുമായിരുന്നു ആവശ്യം. പരാതിക്കാരൻ അഞ്ച് ലക്ഷത്തോളം രൂപ നൽകി. തട്ടിപ്പ് മനസിലായതോടെ എറണാകുളം സൗത്ത് പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് തുടർന്ന് കൊച്ചി സിറ്റി സൈബർ പൊലീസിന് കൈമാറി.ബാങ്ക് അക്കൗൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. മുഖ്യപ്രതി കോഴിക്കോട് സ്വദേശി മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |