ധാക്ക: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ബംഗ്ലാദേശ് തുർക്കിഷ് നിർമ്മിത ബെയ്‌റക്‌തർ ടി.ബി - 2 ഡ്രോണുകൾ വിന്യസിച്ചെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് പുതിയ നീക്കം. ബംഗാൾ അതിർത്തിയോട് ചേർന്നാണ് രഹസ്യാന്വേഷണ, നിരീക്ഷണ ദൗത്യങ്ങൾക്കുപയോഗിക്കുന്ന നൂതന ടി.ബി - 2 ഡ്രോണുകൾ വിന്യസിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതേത്തുടർന്ന് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. പ്രതിരോധ ആവശ്യത്തിനുള്ള വിന്യാസമെന്നാണ് ബംഗ്ലാദേശ് ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും ഡ്രോണുകൾ തന്ത്റപ്രധാന മേഖലയിൽ വിന്യസിച്ചിരിക്കുന്നതിനാൽ ഇന്ത്യ ജാഗ്രത പുലർത്തുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ ഉദ്യാഗസ്ഥൻ അറിയിച്ചു. ഹെറോൺ ഡ്രോണുകൾ മേഖലയിൽ വിന്യസിക്കുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ അതിർത്തിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തല പൊക്കി തീവ്രവാദികൾ
1. ഹസീനയുടെ ഭരണകാലത്ത് ഇല്ലാതാക്കിയ ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങൾ ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തലപൊക്കുന്നു
2. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് കള്ളക്കടത്തു സംഘങ്ങളും ഭീകരവാദികളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാദ്ധ്യത
3. ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം തുടരുന്ന ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾ ശക്തിപ്രാപിക്കുന്നു
# ബെയ്‌റക്‌തർ ടി.ബി - 2
നിർമ്മാണം - തുർക്കിയിലെ സ്വകാര്യ പ്രതിരോധ കമ്പനിയായ ബെയ്‌കർ
2014 മുതൽ സർവീസിൽ
തുർക്കിഷ് സായുധ സേനകളും അസർബൈജാൻ, യുക്രെയിൻ തുടങ്ങിയവരും ഉപയോഗിക്കുന്നു
നീളം - 21 അടി
വേഗത - മണിക്കൂറിൽ 222 കിലോമീറ്റർ
നിരീക്ഷണത്തിനും ആക്രമണത്തിനും ശേഷി
25,000 അടി ഉയരത്തിൽ വരെ പറക്കും
ലേസർ ഗൈഡഡ് ബോംബുകളാൽ കൃത്യമായ ആക്രമണങ്ങൾ നടത്തും
ഈ വർഷമാദ്യം ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി
ഓർഡർ ചെയ്ത 12 എണ്ണത്തിൽ ആറെണ്ണം ലഭിച്ചു
കുഴിബോംബ് പ്രതിരോധ വാഹനങ്ങൾ, റോക്കറ്റ് പ്രതിരോധ സംവിധാനങ്ങൾ, സായുധ സൈനിക വാഹനങ്ങൾ എന്നിവയടക്കം നിരവധി നൂതന സൈനിക ഉപകരണങ്ങൾ ബംഗ്ലാദേശ് സൈന്യം തുർക്കിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്
-----------------------------------
വിദേശകാര്യ സെക്രട്ടറി ബംഗ്ളാദേശിലേക്ക്
ന്യൂഡൽഹി: നയതന്ത്ര ബന്ധം വഷളായിരിക്കെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി 9ന് ബംഗ്ളാദേശ് സന്ദർശിക്കുന്നു. ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സന്ദർശനം. വിദേശകാര്യാലയത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കു വേണ്ടിയാണ് വിദേശകാര്യ സെക്രട്ടറി പോകുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പുതിയ സംഭവവികാസങ്ങൾക്കൊപ്പം കൊൽക്കത്തയിലെയും അഗർത്തലയിലെയും എംബസിയുടെ പ്രവർത്തനം ബംഗ്ളാദേശ് നിറുത്തിവച്ച സാഹചര്യവും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |