വാഷിംഗ്ടൺ: ലോകത്തിന്റെ അന്ത്യം നാളുകളായി ആശങ്ക ഉയർത്തുന്ന ചോദ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭൗതിക ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും നിരവധി സംവാദങ്ങളും ഉടലെടുക്കുന്നുണ്ട്. 2018ൽ മരിക്കുന്നതിന് മുൻപ് ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫെൻ ഹോക്കിംഗ് ഈ വിഷയവുമായി ബന്ധപ്പെടുത്തി ചില പ്രവചനങ്ങൾ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ചില സൂചനകൾ പുറത്തുവിട്ടിരുന്നു.
അതേസമയം, സ്റ്റീഫെൻ ഹോക്കിംഗ് നടത്തിയ പ്രവചനങ്ങൾ ഇത്രയും കാലമായിട്ടും പുറത്തുവിട്ടില്ലെങ്കിലും ആഗോളതാപനം, ഊർജത്തിന്റെ അമിത ഉപഭോഗം തുടങ്ങിയ ഭീഷണികളെക്കുറിച്ച് നാസ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സ്റ്റീഫെൻ ഹോക്കിംഗിന്റെ പ്രവചനത്തോടെ നമ്മൾ എത്ര അടുത്തിരിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
മരിക്കുന്നതിന് മുൻപ് മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് സ്റ്റീഫൻ ഹോക്കിംഗ് ആശങ്കാകുലനായിരുന്നു. 2018ൽ പുറത്തിറങ്ങിയ ദ സെർച്ച് ഫോർ എ ന്യൂ എർത്ത് എന്ന ഡോക്യുമെന്ററിയിൽ ഹോക്കിംഗ് 2600-ാം വർഷത്തെക്കുറിച്ചുളള ആകുലതകൾ പങ്കുവച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ പ്രവർത്തികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഭൂമി ഒരു വലിയ അഗ്നി ഗോളമായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ഹരിതഗൃഹ പ്രഭാവം എന്നിവയുടെ ആഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവ ഭൂമിയുടെ നാശത്തിന് കാരണമാകുമെന്നും ഹോക്കിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ അനിയന്ത്രിതമായ മനുഷ്യ ഉപഭോഗത്തിന്റെയും ജനസംഖ്യാവർദ്ധനവിന്റെയും അപകടസാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ജനസംഖ്യാവർദ്ധനവും ഊർജഉപഭോഗത്തിന്റെ സുസ്ഥിരതയില്ലായ്മയും ഭൂമിയെ ജീവനില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോക്കിംഗ് പങ്കുവച്ച ചില ആശങ്കകൾ നാസ അംഗീകരിക്കുന്നുണ്ടെങ്കിലും ഭൂമിയുടെ നാശവുമായി ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ പ്രവചനങ്ങളിൽ പിന്തുണയ്ക്കുന്നില്ല. ഇത്തരത്തിലുളള അവകാശവാദങ്ങൾ അംഗീകരിക്കുന്നില്ലെന്ന് നാസയുടെ വക്താവ് മുൻപ് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഭൂമിയുടെ നിലനിൽപ്പിനെക്കുറിച്ചും ഹോക്കിംഗ് ഉയർത്തിയ ആശങ്കകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഭൂമിയുടെ അന്ത്യം എപ്പോഴാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് പകരം ആഗോളതാപനം പോലുളള പ്രശ്നങ്ങൾ പരിഹരിക്കാനുളള ശ്രമം നടത്തുന്നതിൽ നാസ പ്രതിജ്ഞാബത്തമാണെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യരാശി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന പ്രശ്നം കാലാവസ്ഥ വ്യതിയാനമാണ്. മനുഷ്യൻ കാരണമുണ്ടാക്കുന്ന ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ നിലവിലെ തലമുറയ്ക്ക് മാറ്റാനാകില്ലെന്ന് എജൻസി മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത ഭാവിയിൽ മനുഷ്യരാശി സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കും. മലിനീകരണം കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നാണ് നാസയുടെ അഭിപ്രായം. ഹോക്കിംഗിന്റെ പ്രവചനം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും മനുഷ്യരാശിക്ക് പ്രതീക്ഷകൾ പകരുന്ന തരത്തിലുളള നിരീക്ഷണങ്ങൾ നാസ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |