ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശനം ഞായറാഴ്ച ആരംഭിക്കും. റഷ്യയുമായുള്ള സൈനിക, വ്യാവസായിക സഹകരണം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ് സിംഗ് മോസ്‌കോയിൽ എത്തുന്നത്. സന്ദർശന വേളയിൽ, റഷ്യൻ പ്രതിനിധി ആന്ദ്രേ ബെലോസോവ് സഹഅദ്ധ്യക്ഷനാകുന്ന സൈനിക സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ ഇന്റർ ഗവൺമെന്റൽ കമ്മീഷന്റെ 21ാമത് യോഗത്തിൽ രാജ്നാഥ് സിംഗ് പങ്കെടുക്കും.
ഇരു നേതാക്കളും പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള സമകാലിക പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും.
ഐഎൻഎസ് തുഷിൽ കമ്മിഷൻ
സന്ദർശന വേളയിൽ, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മൾട്ടിറോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ 'ഐഎൻഎസ് തുഷിൽ' കലിനിൻഗ്രാഡിലെ യന്ത്ര കപ്പൽശാലയിൽ വച്ച് രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും. 2016ൽ റഷ്യയുമായി ഏർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഐഎൻഎസ് തുഷിൽ നിർമ്മിച്ചത്. 2.5 ബില്യൺ ഡോളറിന്റെ കരാറിൽ നാല് യുദ്ധക്കപ്പലുകളാണ് റഷ്യ ഇന്ത്യയ്ക്ക് നിർമ്മിച്ച് നൽകുക.
കമ്മീഷൻ ചെയ്യുന്നതോടെ, ഐഎൻഎസ് തുഷിൽ ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ ഫ്ളീറ്റിൽ ചേരുകയും ലോകത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച യുദ്ധക്കപ്പലുകളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി കമ്മീഷനിംഗ് ചടങ്ങിൽ പ്രതിരോധ മന്ത്രിയെ അനുഗമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |