മലപ്പുറം: മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തരത്തിലുളള സ്ക്രീൻ ഷോട്ടുകളാണ് പ്രചരിപ്പിച്ചത്. കനത്ത മഴയിൽ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടുത്ത ദിവസം സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായുളള വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്.
ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുൻപായിരുന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് ഐഡിയുടെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്തായിരുന്നു പ്രചാരണം. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ വിളിയും വന്നു. അതിനുശേഷമാണ് ശരിക്കുള്ള അവധി പ്രഖ്യാപനം വന്നത്. ഇതിനെതിരെ കളക്ടർ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്നതുമായ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ഐ ടി ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാനാണ് കളക്ടർ കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |