തൃശൂർ: ആന എഴുന്നള്ളിപ്പിലെ ഹെെക്കോടതിയുടെ മാർഗനിർദേശത്തിൽ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികൾ. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പഞ്ചാരിമേളം നടത്തി പ്രതിഷേധം.
ആറാട്ടുപുഴ പൂരത്തിൽ നടത്തുന്ന മേളത്തിന് സമാനമായിട്ടാണ് പ്രതീകാത്മക പഞ്ചാരിമേള പ്രതിഷേധം നടത്തിയത്. ആനകളെ എഴുന്നള്ളിക്കാതെ നെറ്റിപ്പട്ടവും വെഞ്ചാമരവും ഉൾപ്പെടെ പ്രത്യേകമായി ഉയർത്തിവച്ചുകൊണ്ടാണ് പഞ്ചാരിമേളം നടത്തിയത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തി തീരുമാനം എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുതിയ നിയന്ത്രണം തൃശൂർ പൂരത്തെയും ആറാട്ടുപുഴ പൂരത്തെയും ഉൾപ്പെടെ ബാധിക്കുമെന്നാണ് പരാതി.
രാവിലെ ഉത്രാളിക്കാവ് പൂരം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദേശങ്ങൾ ചേർന്ന് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷേധ സംഗമവും നടത്തിയിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും സംരക്ഷിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആന ആചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകൾ തമ്മിൽ മൂന്ന് മീറ്റർ പരിധിയെന്ന മാനദണ്ഡത്തിൽ ഒരിളവും ഉണ്ടാകില്ലെന്ന് ഹെെക്കോടതി നിവപാട് കടുപ്പിച്ചതോടെയാണ് തൃശൂരിലെ വിവിധ ക്ഷേത്രകമ്മിറ്റികൾ പ്രതിഷേധം കടുപ്പിച്ചത്.
ജില്ലാ തല സമിതി സർട്ടിഫിക്കറ്റുകളും പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നത് ഉൾപ്പെടെ മറ്റ് നിരവധി മാർഗനിർദേശങ്ങളും ഹെെക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നല്ല ഭക്ഷണം, വിശ്രമം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |