ന്യൂഡൽഹി: എ ആർ റഹ്മാനെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഖദീജ പ്രതികരിച്ചത്. വിവാഹമോചനത്തിന് പിന്നാലെ എ ആർ റഹ്മാൻ സംഗീതലോകത്ത് നിന്ന് ഒരു വർഷത്തേക്ക് ഇടവേളയെടുക്കുമെന്ന വാർത്തയ്ക്കാണ് മകൾ പ്രതികരിച്ചത്.
'ദയവായി ഇത്തരം ഉപയോഗശൂന്യമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തുക' എന്നാണ് ഖദീജ എക്സിൽ കുറിച്ചത്. റഹ്മാന്റെയും ഭാര്യ സെെറാ ബാനുവിന്റെയും വിവാമോചനവാർത്തയിൽ പ്രതികരണവുമായി മക്കൾ മുൻപും രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവ അന്ന് അവരുടെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം സൈറയുടെ അഭിഭാഷക വന്ദന ഷായാണ് അറിയിച്ചത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു. ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണ് വേർപിരിഞ്ഞതെന്നും മാന്യമായി പിരിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
പിന്നാലെ വൈകാരികമായി പ്രതികരിച്ച് റഹ്മാനും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും റഹ്മാൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. 1995ലാണ് എ ആർ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |