ലക്നൗ : വർഷങ്ങൾക്ക് മുമ്പ് കാണാതായവർ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. അങ്ങനെ 30 വർഷങ്ങൾക്ക് മുമ്പ് ഏഴാംവയസിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മകൻ തിരിച്ചുവന്ന സന്തോഷത്തിലായിരുന്നു ഗാസിയാബാദിലെ ഒരു കുടുംബം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വെളിപ്പെട്ടതോ വഞ്ചനയുടെയും തട്ടിപ്പിന്റെയും കഥ.
കാണാതായ മകനെന്ന പേരിൽ കുടുംബവുമായി ഒത്തുചേർന്നത് തട്ടിപ്പുവീരനെന്ന് പൊലീസ് കണ്ടെത്തി. ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാൻ സ്വദേശിയെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ബന്ധം സ്ഥാപിച്ച് വീടുകളിൽ കയറിക്കൂടി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു.
1993ൽ ഏഴ് വയസ്സുള്ളപ്പോൾ ആരോ തട്ടിക്കൊണ്ടുപോയ കുട്ടിയാണ് താനെന്നും കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്നും പറഞ്ഞ് ഇയാൾ പൊലീസിനെ സമീപിച്ചു. തുടർന്ന് ഇയാളെ കുറിച്ച് പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകനെന്ന് തെറ്റിദ്ധരിച്ച് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോയി. ഒത്തുചേരലിനെക്കുറിച്ച് അന്ന് മാദ്ധ്യമങ്ങളോട് രാജു വൈകാരികമായി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ മറ്റിടങ്ങളിൽ നിന്ന് ഇയാളുമായി ബന്ധം സ്ഥാപിച്ച് പലരും എത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് രാജുവിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാക്കി കാണാതായ കുട്ടിയല്ല ഇയാളെന്ന് സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു, രാജസ്ഥാൻ സ്വദേശിയായ ഇയാൾ 2005ൽ സമാനരീതിയിൽ കയറിപ്പറ്റിയ കുംടുംബത്തിലും ബന്ധുക്കളുടെ വീട്ടിലും മോഷണം നടത്തി. ഒൻപതോളം വീടുകളിൽ വിവിധ പേരുകളിൽ കഴിഞ്ഞും തട്ടിപ്പ് നടത്തി. 2021ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |