ആലപ്പുഴ: ജയന്തിയെ കൊലപ്പെടുത്തിയ കുട്ടിക്കൃഷ്ണൻ മാലയും വളയും കമ്മലും വീടിന്റെ ആധാരവും പ്ളാസ്റ്റിക് കവറിലാക്കി പറമ്പിൽ കുഴിച്ചിട്ടശേഷമാണ് അറസ്റ്റ് വരിച്ചത്. മാന്നാർ സ്റ്റോർ മുക്കിൽ വിലയ്ക്കുവാങ്ങിയതാണ് വീട്. പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായെത്തിയ കുട്ടിക്കൃഷ്ണൻ അവിടെ അടുപ്പംകൂടിയ സഹതടവുകാരനോട് തന്റെ രഹസ്യങ്ങൾ പങ്കുവച്ചു. ആഭരണങ്ങളും ആധാരവും ഒളിപ്പിച്ച കാര്യം അടയാള സഹിതം പറഞ്ഞുകൊടുത്തു. ജാമ്യം കിട്ടി പുറത്തിറങ്ങിയ കുട്ടിക്കൃഷ്ണൻ വീട്ടിലെത്തി കുഴിച്ചിട്ട സ്വർണവും പ്രമാണവും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതിനുമുമ്പ്
ജയിലിൽ നിന്നിറങ്ങിയ സഹതടവുകാരൻ സ്വർണവും പ്രമാണവും കണ്ടെടുത്ത് സ്ഥലം വിട്ടിരുന്നു.
അയാളെത്തന്നെ സംശയിച്ച കുട്ടികൃഷ്ണൻ വീട്ടിലെത്തി ചോദ്യം ചെയ്തെങ്കിലും അവ തിരികെ നൽകാൻ തയ്യാറായില്ല. തുടർന്ന് അസൽ ആധാരത്തിനു പകരം പകർപ്പും മുൻ പ്രമാണങ്ങളുമുപയോഗിച്ച് വീടും വസ്തുവും വിറ്റു. അതിൽനിന്നു ലഭിച്ച പണവുമായി നാടുവിട്ടു. ജാമ്യം ലഭിച്ച് നാലുമാസങ്ങൾക്കു ശേഷമായിരുന്നു അത്. അതിനിടെ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. 19 വർഷം മുമ്പ് ആഭരണങ്ങളും പ്രമാണവും പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. മോഷണക്കേസിലെ പ്രതി പിന്നീട് മരിച്ചു. കേസിലെ തൊണ്ടിമുതലായ ആഭരണങ്ങൾ പൊലീസ് കോടതിക്ക് കൈമാറിയിരുന്നു. ഈ ആഭരണങ്ങൾ അപ്പീൽ കാലാവധിക്കു ശേഷം ജയന്തിയുടെ മകൾക്ക് കൈമാറാനും കോടതി ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |