തിരുവനന്തപുരം: ആറ് ജില്ലകളുടെ വികസനത്തിന് ഉതകുന്ന അങ്കമാലി-എരുമേലി ശബരിപാത പണിതുടങ്ങാൻ കേന്ദ്രം സന്നദ്ധമായപ്പോൾ, ചെലവിന്റെ പകുതി ഉറപ്പുനൽകുന്ന ത്രികക്ഷി കരാർ ഒപ്പിടാതെ കേരളം ഉഴപ്പുന്നു. ചെലവാകുന്ന 3800.94കോടിയിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. അഞ്ചോ പത്തോ വർഷം കൊണ്ട് ഗഡുക്കളായി റെയിൽവേയ്ക്ക് നൽകിയാൽ മതി. തവണകളായി ബഡ്ജറ്റിൽ പണം നീക്കിവയ്ക്കാൻ സംസ്ഥാന ആസൂത്രണബോർഡ് അനുമതി നൽകിയിട്ടുണ്ട്. കരാറിന്റെ മാതൃക കഴിഞ്ഞമാസം 13ന് റെയിൽവേ കൈമാറിയെങ്കിലും മന്ത്രിസഭായോഗം തീരുമാനമെടുക്കുന്നത് വൈകുകയാണ്.
കരാർ സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. തീരുമാനമാവാത്തതിനാൽ ചർച്ചചെയ്യാനുള്ള കാബിനറ്റ് നോട്ട് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടില്ല. ഒക്ടോബർ 16ന് മുഖ്യമന്ത്രി കേന്ദ്രറെയിൽവേ മന്ത്രിയെ കണ്ടപ്പോൾ ശബരിപാത നിർമ്മാണം ഉറപ്പുനൽകിയതാണ്.
കിഫ്ബിയിൽ നിന്ന് കടമെടുക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഇത് കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
ത്രികക്ഷി കരാറൊപ്പിട്ടാൽ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ പിൻവലിക്കും. മരവിപ്പിക്കൽ ഉത്തരവ് പിൻവലിച്ചിട്ടാവാം കരാർ എന്നാണ് സംസ്ഥാനത്തിന്റെ മുടന്തൻ ന്യായം.
1997-98ൽ പ്രഖ്യാപിച്ച, 111കി.മീ പാതയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ച് പാതിവഴിയിലിട്ടിരിക്കുകയാണ്. 416ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 24ഹെക്ടർ ഏറ്റെടുത്തു. 392ഹെക്ടർ ഇനി ഏറ്റെടുക്കണം.
ത്രികക്ഷി കരാർ
പണം ഉറപ്പാക്കാൻ
#റെയിൽവേ ആവശ്യപ്പെടുമ്പോൾ പാതിച്ചെലവ് ഗഡുക്കളായി നൽകാമെന്ന് കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായാണ് കരാർ ഒപ്പിടേണ്ടത്.
# കേരളം പണംനൽകിയില്ലെങ്കിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ കുറവുചെയ്യും.പണം കൃത്യസമയത്ത് ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ത്രികക്ഷി കരാർ.
പുതിയ ലൈൻ:
കേരളം പിന്നിൽ
എട്ടു വർഷത്തിനിടെ തമിഴ്‌നാട്ടിൽ-405, ആന്ധ്രയിൽ-350, കർണാടകത്തിൽ-318, തെലങ്കാനയിൽ-285 കിലോമീറ്റർ വീതം പുതിയ റെയിൽപ്പാതയുണ്ടായി. കേരളത്തിൽ മൂന്ന് പതിറ്റാണ്ടായി പുതിയ പാതകളില്ല.
4800 കോടി
ഇത്രയും തുക കൂടി മുടക്കിയാൽ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പാത നീട്ടാം. തുറമുഖത്തെ ചരക്കുനീക്കത്തിന് ഗുണകരമാവും. കേന്ദ്രത്തിന്റെ റെയിൽസാഗർ പദ്ധതിയിൽ കേരളത്തിന് പണച്ചെലവില്ലാതെ സാദ്ധ്യമാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |