ന്യൂഡൽഹി:മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ മഹാവികാസ് അഘാഡിക്ക് (എം.വി.എ) തിരിച്ചടിയായി സമാജ്‌വാദി പാർട്ടി സഖ്യം ഉപേക്ഷിച്ചു. ബാബറി മസ്ജിദ് തകർത്തതിനെ അനുകൂലിച്ച് ഉദ്ധവ് താക്കറെയുടെ അനുയായി മിലിന്ദ് നർവേക്കർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. പാർട്ടി എം.എൽ.എമാരായ അബു അസിം ആസ്‌മിയും റയീസ് ഷെയ്‌ഖും ഇന്നലത്തെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാനുള്ള എം.വി.എ ആഹ്വാനം തള്ളുകയും ചെയ്‌തു.
ബാബറി മസ്ജിദ് തകർത്തതിന്റെ 32-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് മസ്‌ജിദ് തകർക്കുന്ന ഫോട്ടോയും 'ഇത് ചെയ്തവരെക്കുറിച്ച് അഭിമാനിക്കുന്നു' എന്ന ശിവസേന സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെയുടെ പ്രസ്‌താവനയും മിലിന്ദ് നർവേക്കർ പോസ്റ്റ് ചെയ്‌തത്. സമാജ്‌വാദി പാർട്ടിക്ക് വർഗീയ പ്രത്യയശാസ്ത്രത്തിൽ നിൽക്കാനാവില്ലെന്നും അതിനാൽ മഹാവികാസ് അഘാഡി വിടുകയാണെന്നും സംസ്ഥാന പ്രസിഡന്റ് അബു അസിം ആസ്മി പത്രക്കുറിപ്പിൽ അറിയിച്ചു. എം.വി.എ ഘടകക്ഷികൾ ഈ ഭാഷ സംസാരിക്കുമ്പോൾ ബി.ജെ.പിയുമായുള്ള അന്തരം ഇല്ലാതാകുന്നുവെന്നും അബു പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുക, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ തത്വങ്ങളിലൂന്നിയാണ് എം.വി.എ രൂപീകരിച്ചതെന്ന് പാർട്ടി നേതാവും എം.എൽ.എയുമായ റയീസ് ഷെയ്‌ഖ് പറഞ്ഞു. ശിവസേനയുടെ തീവ്ര ഹിന്ദു ആശയങ്ങൾ മാറ്റിവയ്ക്കാൻ ധാരണയായിരുന്നു. ശിവസേനയ്ക്ക് ലോക്‌സഭയിലും നിയമസഭയിലും എല്ലാ മതക്കാരുടെയും വോട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെ നിയമസഭയുടെ സത്യപ്രതിജ്ഞ കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻ.സി.പി(ശരദ് പവാർ), സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിച്ചിരുന്നു. ഭരണകക്ഷിയായ മഹായുതിയുടെ വിജയം വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. കോൺഗ്രസിലെ നാനാ പട്ടോളെ, എൻ.സി.പിയുടെ ജിതേന്ദ്ര അവ്ഹാദ് എന്നിവരും വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |