തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ 'വെട്ടിയ' ഭാഗങ്ങൾ ഇന്നലെയും പുറത്തുവന്നില്ല. വിവരാവകാശ പ്രകാരം സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങൾ കൈമാറുന്നതിൽ അന്തിമ ഉത്തരവ് ഇന്നലെ വിവരാവകാശ കമ്മിഷൻ പുറപ്പെടുവിക്കാനിരിക്കെ തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിക്കാരൻ എത്തിയതാണ് അപ്രതീക്ഷിത തടസമായത്.
കമ്മിഷന് രണ്ടാം അപ്പീൽ നൽകിയിരുന്ന ഇദ്ദേഹം, തന്റെ വാദങ്ങൾ കേട്ടില്ലെന്നാരോപിച്ചാണ് തടസഹർജി നൽകിയത്. കമ്മീഷണർ ഡോ.എ. അബ്ദുൽ ഹക്കീം പരാതിക്കാരനെ കക്ഷി ചേർത്ത് വാദം കേട്ട് മറ്റൊരു ദിവസം വിധി പറയാൻ തീരുമാനിക്കുകയായിരുന്നു. ഹർജിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ജൂലായ് 5 നാണ് ഹേമ റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ ഉത്തരവിട്ടത്. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്നവ ഒഴികെ എല്ലാ വിവരങ്ങളും നൽകാനായിരുന്നു നിർദ്ദേശം. വ്യക്തിഗത വിവരങ്ങളെന്ന് ബോദ്ധ്യപ്പെട്ട 33 ഖണ്ഡികകൾ കമ്മിഷൻ ഒഴിവാക്കിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന മറ്റ് ഭാഗങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കാമെന്നും അവ ഏതൊക്കെയെന്ന് അപേക്ഷകനെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ മറവിൽ 101 ഖണ്ഡികകൾ കൂടി സാംസ്‌കാരിക വകുപ്പ് വെട്ടി.
ആഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെ സർക്കാരിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാത്ത 49 മുതൽ 53 പേജുകളിലെ 11 ഖണ്ഡികകൾ കൂടി ഒഴിവാക്കിയാണ് റിപ്പോർട്ട് അപേക്ഷകർക്ക് നൽകിയത്. ഇതിനെതിരെയാണ് വിവരാവകാശ അപേക്ഷകർ അപ്പീലുമായി കമ്മീഷനെ സമീപിച്ചത്.
പുനഃപരിശോധനയിൽ ഇന്ന് 11ന് അന്തിമ ഉത്തരവ് കമ്മിഷൻ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റണമെന്നാണ് അപേക്ഷകരെ അറിയിച്ചിരുന്നത്. 10.58ന് തടസഹർജി എത്തി.
ഇനി എന്ത്?
കമ്മിഷണർ ഹക്കീം അല്ല, മറ്റൊരു ബഞ്ചാണ് തടസ ഹർജിക്കാരനെ കേൾക്കുന്നത്. മറ്റ് ഹർജികളെല്ലാം ഹക്കീം കേട്ടിരുന്നു. തടസഹർജിക്കാരനെ കൂടി കക്ഷി ചേർത്ത് വാദം കേട്ട് ഒന്നിച്ച് വിധിപറയും. അന്തിമ ഉത്തരവിന് ഹക്കീമിന്റെ ബഞ്ചിൽ വരണം. അദ്ദേഹം 9ന് ഡൽഹിക്ക് പോകും. 13ന് മടങ്ങിയെത്തിയ ശേഷമാകും ബാക്കി നടപടികൾ.
58 കേസുകൾ
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളിൽ 35 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള വെളിപ്പെടുത്തലുകളുടെ അടസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെയടക്കം 23 കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല.
പൂങ്കുഴലി നോഡൽ ഓഫീസർ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകൾക്ക് ബന്ധപ്പെടാൻ എ.ഐ.ജി ജി.പൂങ്കുഴലിയെ നോഡൽ ഓഫീസറായി ഡി.ജി.പി നിയോഗിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും ഉദ്യോഗസ്ഥയെ ബന്ധപ്പെടാനും ഭീഷണി അടക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷണം തേടാനും സാധിക്കും. സ്വീകരിച്ച നടപടികൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
കമ്മിറ്റി പുറത്തു വിടരരുതെന്ന് പറഞ്ഞ ഭാഗങ്ങളാണ് പുറത്ത് വിടാതിരുന്നത്. നിയമപരമായ കാര്യങ്ങൾ കോടതിയുടെ പരിഗണനയിലാണ്. റിപ്പോർട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന പേജുകൾ കോടതിയും കമ്മിറ്റിയും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാരിന് എതിർപ്പില്ല.
-സജി ചെറിയാൻ
സാംസ്‌കാരിക മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |