തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് തട്ടിയത് 700 കോടിയെന്ന് സൈബർ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. 2024 ജനുവരി മുതൽ നവംബർ 30 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷമിത് 200 കോടിയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.
ഇൻവെസ്റ്റ്മെന്റ്,ട്രേഡിംഗ്,വെർച്വൽ അറസ്റ്റ്,ജോലി വാഗ്ദാനം എന്നിവയിലാണ് കൂടുതൽ തട്ടിപ്പ്. നിക്ഷേപക,ട്രേഡിംഗ് രംഗത്ത് 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണക്കുകൾ. കൂടുതൽ സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്‌ത എറണാകുളത്ത് 3300 കേസുകളിലായി 105 കോടി നഷ്ടമായി. രണ്ടാമതുള്ള തിരുവനന്തപുരത്ത് 84 കോടി രൂപയുടെ തട്ടിപ്പ് നടന്നു. ഏറ്റവും കുറവുള്ള വയനാട് ജില്ലയിൽ എട്ടുകോടിയുടെ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
ഏറ്റവും വലിയ തട്ടിപ്പ് ആലപ്പുഴയിൽ
ചേർത്തല സ്വദേശിയിൽ നിന്നാണ് ഏറ്റവും വലിയ തുക തട്ടിയത്. ജൂണിൽ നടന്ന സംഭവത്തിൽ 7.5 കോടി രൂപ നഷ്ടമായി.
തലസ്ഥാനത്തെ ഐ.ടി എൻജിനിയർക്കും കഴിഞ്ഞ മാസം തട്ടിപ്പിലൂടെ ആറുകോടി രൂപ നഷ്ടമായിരുന്നു.
തിരിച്ചുപിടിച്ചത് 98 കോടി
വിവിധ കേസുകളിലായി 98 കോടി രൂപ തട്ടിപ്പുസംഘത്തിന്റെ കൈയിൽ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്. കേരളത്തിൽ സൈബർ ഡിവിഷന്റെ കീഴിലുള്ള സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണവും പണം തിരികെപ്പിടിക്കലും നടത്തുന്നത്. വിവിധ കേസുകളിലായി സംസ്ഥാനത്ത് 300 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
വൻ കെണിയുള്ള വ്യാജ നിക്ഷേപം
വമ്പൻ കെണിയൊരുക്കുന്ന സംഘങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കുന്ന വഴിയാണ് വ്യാജ ഓഹരി നിക്ഷേപം. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് വൻതുക ലാഭം നൽകും. ടെലിഗ്രാമിലൂടെയും മറ്റും കമ്പനിയുടെ നേട്ടത്തിന്റെയും ഭീമമായ ലാഭത്തിന്റെയും വ്യാജ സ്‌ക്രീൻഷോട്ടുകളും കൈമാറും.
വിശ്വസിപ്പിക്കുന്നതിനായി നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയെന്ന അറിയിപ്പും നൽകും. കൂടുതൽ പണമിടുന്നതോടെ താങ്കൾ ഗോൾഡൽ ലെവലിലെത്തിയെന്നുകാണിച്ച് സ്ക്രീൻഷോട്ടുകൾ നൽകി വിശ്വാസം നേടും. ഇതെല്ലാം വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ പണം കൈക്കലാക്കും. പിൻവലിക്കാൻ പോകുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് മനസിലാകുക. സെലിബ്രിറ്റികളുടെ എ.ഐ വീഡിയോ ഉപയോഗിച്ച് കൂടുതൽ വിശ്വാസ്യത നേടുന്നതും പുതിയ രീതിയാണ്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടോ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിക്കാം.
ശ്രദ്ധിക്കാൻ
തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ പരാതി
അറിയിച്ചാൽ പണം കൈമാറ്റം ചെയ്യുന്നത് ഒരു പരിധിവരെ തടയാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |