കോട്ടയം: ഇന്ത്യൻ വൈദികൻ ആർച്ച് ബിഷപ്പാകും മുൻപ് നേരിട്ട് കർദ്ദിനാൾ പദവിയിലേക്ക് ഉയരുന്നത് ചരിത്രത്തിലാദ്യമായി. പൗരോഹിത്യത്തിന്റെ 20ാം വർഷമാണ് ജോർജ് ജേക്കബ് കൂവക്കാട് കർദ്ദിനാൾ പദവിയിലെത്തുന്നത്.
മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കർദ്ദിനാൾ സംഘത്തിലെ ഒരംഗമായി മാറിയിരിക്കുകയാണ് ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഒഫ് ദി സ്റ്റേറ്റുമായ ഈ 51കാരൻ. കർദ്ദിനാളായി വാഴിക്കാനുള്ള മാർപ്പാപ്പയുടെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു മെത്രാഭിഷേകം.
എന്നും ദൈവവഴിയിലായിരുന്നു യാത്ര. ചങ്ങനാശേരി മാമ്മൂട് കൂവക്കാട് ജേക്കബ് ത്രേസ്യാമ്മ മകനായി 1973 ആഗസ്റ്റ് 11 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി എസ്.ബി കോളജിൽ ബി.എസ്.സിക്ക് പഠിക്കവേ,കാത്തലിക് സ്റ്റുഡന്റ്സ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ബരുദ പഠനത്തിനുശേഷം 1995ൽ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിന് ചേർന്നു. തുടർന്ന് ആലുവ സെന്റ്. ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രേച്ചേ എന്നിവിടങ്ങളിൽ ഉന്നത വൈദികപഠനം. ബിരുദമുണ്ടായിരുന്നതിനാൽ എട്ടരവർഷം കൊണ്ട് അജപാലന ദൗത്യത്തിന്റെ ആദ്യപടിയായി 2004 ജൂലായ് 24ന് മാർ ജോസഫ് പൗവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തിയോളജി പഠനത്തിനായി മാർ പൗവ്വത്തിൽ നേരിട്ട് റോമിലേയ്ക്ക് അയച്ച ആദ്യ വിദ്യാർത്ഥിയായിരുന്നു. അവിടെ നിന്ന് ഡോക്ടറേറ്റും നേടി. ഇതിനിടെ പറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. 2006 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 2020ൽ പ്രെലേറ്റ് പദവി നൽകി. സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി. വത്തിക്കാൻ നയതന്ത്ര സർവീസിൽ ചേർന്നശേഷം അൾജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പോസ്തലിക് നുൺഷ്യോയുടെ സെക്രട്ടറിയായിരുന്നു. ഇളയ ഹോദരൻ ടിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റി കുടുംബവീട്ടിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |