മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇടക്കാല സെക്രട്ടറിയായി ദേവജിത്ത് സൈകിയയെ നിയമിച്ചു. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) അദ്ധ്യക്ഷനായി ഈമാസം ആദ്യം ചുമതലയേറ്റിരുന്നു. ഇതിനെ തുടർന്ന് ഒഴിവുവന്ന സെക്രട്ടറി സ്ഥാനത്തേക്കാണ് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായ സൈകിയയെ പ്രസിഡന് റോജർ ബിന്നി നിയമിച്ചത്. അസമിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട് ദേവജിത്ത്. നിലവിലെ നിയമപ്രകാരം 2025 ജനുവരി 14നകം പുതിയ ബി.സി.സി.ഐ സെക്രട്ടറിയെ തിരഞ്ഞെടുക്കണം. അതേസമയം 2025 സെപ്തംബറിൽ നടക്കുന്ന ബോർഡിന്റെ ആനുവൽ ജനറൽ മീറ്റിംഗ് വരെ സൈകിയ തുടരാനും സാധ്യതയുണ്ട്.
2 ടേമിലായി ജയ് ഷാ ആറ് വർഷത്തോളം ബി.സി.സി.ഐ സെക്രട്ടറിയായിരുന്നു.ബി.സി.സി.ഐ നിയമപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് ടേമിലെ സെക്രട്ടറിയാകാനാകൂ. ജയ് ഷായുടെ രണ്ടാം ടേമിന്റെ കാലാവധി കഴിയാറാകവെയാണ് അദ്ദേഹം ഐ.സി.സി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |