കോഴിക്കോട്: ഐ. ലീഗ് ഫുട്ബോളിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ഗോകുലം കേരളാ എഫ്.സി ചർച്ചിൽ ബ്രദേഴ്‌സിനോട്ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. കോഴിക്കോട് കോർപ്പറേഷൻ ഇ. എം.എസ്. സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 13-ാം മിനിട്ടിൽ മിഡ്ഫീൽഡർ സ്റ്റെഡ് ലി ഫെണാണ്ടസാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ വിജയഗോൾ നേടിയത്.
തുടക്കം മുതൽ ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു. ചെറിയ പാസുകളിലൂടെ ചർച്ചിൽ മുന്നേറിയപ്പോൾ ഗോകുലത്തിൻ്റെ മിക്ക പാസുകളും കണക്റ്റ് ചെയ്യാതെ പോയി. ഇങ്ങനെ വീണുകിട്ടിയ അവസരമാണ് സ്റ്റെഡ് ലി ഗോളാക്കിയത്. മധ്യ ഭാഗത്ത് നിന്നും ലഭിച്ച പന്തുമായി സ്റ്റെഡ് ലി അല്പം മുന്നോട്ട് നീങ്ങിയിട്ട് തൊടുത്ത ലോംഗ് റേഞ്ചർ ഗോകുലം ഗോൾകീപ്പർ ഷിബിൻ ലാലിനെ നിഷ്പ്രഭനാക്കി വല കുലുക്കി (1-0).
തിരിച്ചടിക്കാൻ ഗോകുലത്തിന് ഏറെ അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം ചർച്ചിലിൻ്റെ പ്രതിരോധത്തിൽ ചിന്നിചിതറി.ചർച്ചിലിനെതിരെ ഗോകുത്തിന്റെ ആദ്യ തോൽവിയാണിത്. 19ന് രാജസ്ഥാൻ യുനൈറ്റഡ് എഫ്.സി.യുമായാണ് ഗോകുലത്തിൻ്റെ അടുത്ത ഹോം മാച്ച്. ചർച്ചിൽ 7 പോയിന്റുമായി മൂന്നാമതെത്തിയപ്പോൾ ഗോകുലം ഏഴാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |