ദമാസ്‌ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്. മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി ഇവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്തുനിൽപ്പ് നാമമാത്രമാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. വിമതർ കൊട്ടാരം കൈയടക്കിയെന്നും പ്രസിഡന്റ് ബഷാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.വിമതർ തലസ്ഥാനത്തിന് വെറും ഇരുപതുകിലോമീറ്റർ മാത്രം അകലെയാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.
വടക്കൻ നഗരമായ അലപ്പോ, മദ്ധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് അസദിനെ പിന്തുണയ്ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തിയിരുന്നു. സർക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കംകുറിക്കാൻ തങ്ങൾ നടത്തിയ ചർച്ചയിൽ തീരുമാനിച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചു.
വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം ഭീകര സംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചടക്കാൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്‌റോവ് ആവശ്യപ്പെട്ടു. സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്നാണ് അമേരിക്കയുടെ നിലപാട് . എന്നാൽ സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു. പോരാട്ടത്തിൽ സിറിയൻ സൈന്യത്തെ സഹായിക്കാൻ ഹിസ്ബുള്ള 2000 സായുധാംഗങ്ങളെ അയച്ചിട്ടുണ്ട്.
അതേസമയം സിറിയയിലേക്കുള്ള എല്ലാ യാത്രകളും അറിയിപ്പുണ്ടാകും വരെ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. സിറിയയിലുള്ള ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. +963 993385973 (വാട്സ്‌ആപ്പ് ) എന്ന ഹെൽപ്പ്ലൈനിലോ hoc.damascus@mea.gov.in എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. കഴിയുന്നവർ എത്രയും വേഗം പുറപ്പെടണമെന്നും മറ്റുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |