ലോകം യുദ്ധങ്ങളാൽ വലഞ്ഞിരിക്കെ സിറിയയിൽ സർക്കാർ- വിമത ഏറ്രുമുട്ടൽ ആളിക്കത്തുകയാണ്. സിറിയയുടെ പ്രധാന നഗരങ്ങൾ വിമതർ പിടിച്ചടക്കി. സിറിയയിലെ നിലവിലെ സാഹചര്യങ്ങളിൽ നിന്നുകൊണ്ടുള്ള വിശകലനം
നവംബർ 27. 13 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ലെബനനിലെ ഹിസ്ബുള്ള - ഇസ്രയേൽ വെടിനിറുത്തൽ നിലവിൽ വന്നു. അന്നേ ദിവസം തന്നെ ലെബനന്റെയും ഇസ്രയേലിന്റെയും അയൽരാജ്യമായ സിറിയയിൽ ഒരു തീക്കനൽ രൂപപ്പെട്ടു. ഇന്നത് ആളിക്കത്തുന്നു.
നഗരങ്ങളെ പിടിച്ചടക്കി നാശം വിതയ്ക്കുന്നു. പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ വിമത സായുധഗ്രൂപ്പുകൾ അഴിച്ചുവിട്ട സമീപകാലത്തെ ഏറ്റവും മാരക ആക്രമണമാണ് ആളിക്കത്തുന്നത്. വിമതരിൽ ശക്തരും അൽ ക്വ ഇദയുമായി ബന്ധവുമുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പ് പടിഞ്ഞാറൻ അലെപ്പോ ഗവർണറേറ്റിൽ നിന്നാണ് സർക്കാർ സേനയ്ക്കെതിരെ ആക്രമണം തുടങ്ങിയത്.
വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ സിറിയൻ സേനയുടെ ഷെല്ലാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടെന്ന വിശദീകരണത്തോടെയായിരുന്നു ആക്രമണം ആരംഭിച്ചത്. നവംബർ 30ന് തന്നെ രാജ്യത്തെ പ്രധാന നഗരമായ അലെപ്പോയിൽ നിന്ന് സേനയെ തുരത്താനും നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമതർക്കായി. വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ ഹമ, ദരാ നഗരങ്ങളും പിടിച്ചെടുത്തു. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസാണ് അടുത്ത ലക്ഷ്യം. ഇവിടെ വിമതർ ആക്രമണം തുടങ്ങിക്കഴിഞ്ഞു. അസദിന്റെ ശക്തി കേന്ദ്രമായ ഡമാസ്‌കസിലേക്കും നീക്കം തുടങ്ങിയതോടെ ഭരണം അട്ടിമറിക്കപ്പെട്ടേക്കുമെന്ന ഭീതി ശക്തമായി. അസദിന്റെ കുടുംബം റഷ്യയിലേക്ക് കടന്നെന്നാണ് വിവരം. അസദ് സിറിയയിൽ തന്നെയുണ്ടോ എന്ന് വ്യക്തമല്ല.
ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെയും റഷ്യയുടെയും സഹായം ഉണ്ടായിട്ടും സിറിയൻ സേനയ്ക്ക് വിമതർക്കെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല. വിമതരെ ലക്ഷ്യമിട്ട് റഷ്യൻ യുദ്ധവിമാനങ്ങൾ ആക്രമണങ്ങളും നടത്തുന്നു. ഇതുവരെ ഏകദേശം 820 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും വിമതരാണ്. 280,000 സാധാരണക്കാർ അഭയാർത്ഥികളായി.
2000 മുതൽ അധികാരത്തിലുള്ള പ്രസിഡന്റ് അസദിനെ അട്ടിമറിക്കാൻ 2011 മുതൽ വിമത ഗ്രൂപ്പുകൾ സിറിയയിൽ ആഭ്യന്തര യുദ്ധത്തിലാണ്. യൂറോപ്യൻ യൂണിയനും യു.എസും വിമതരെ പിന്തുണച്ചപ്പോൾ റഷ്യയും ഇറാനും ഇറാക്കും അസദിന്റെ ഭാഗത്ത് അണിനിരന്നു.
ഒരു ദശാബ്ദത്തിലേറെയായി നീളുന്ന സിറിയൻ ആഭ്യന്തര യുദ്ധം ഏകദേശം അഞ്ച് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൻ കവർന്നെന്നാണ് കണക്ക്. അതേസമയം, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ സർക്കാർ സേനയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുന്നത് ആദ്യമാണ്.
തലസ്ഥാനമായ ഡമാസ്‌കസിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ദരാ നഗരത്തിലാണ് 2011ൽ ആഭ്യന്തര കലാപത്തിന് വിത്തുപാകിയത്. അസദിനെതിരെയുള്ള സമാധാനപരമായ പ്രതിഷേധങ്ങളാണ് ഇന്ന് സിറിയയെ തകർത്തെറിഞ്ഞു കൊണ്ടിരിക്കുന്ന സംഘർഷങ്ങളായി പരിണമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |