പാരീസ്: അഞ്ച് വർഷം മുമ്പ് അഗ്നിക്കിരയായ പാരീസിലെ വിശ്വപ്രസിദ്ധമായ നോത്രദാം കത്തീഡ്രൽ പുനർനിർമ്മാണത്തിന് ശേഷം വീണ്ടും തുറന്നു. പ്രാദേശിക സമയം ഇന്നലെ രാത്രി 7ന് (ഇന്ത്യൻ സമയം രാത്രി 11.30) ആരംഭിച്ച ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അടക്കം ലോകനേതാക്കളും പുരോഹിതൻമാരും പങ്കെടുത്തു.
പാരീസ് ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്ന് മുതൽ പൊതു ജനങ്ങൾക്ക് പള്ളി സന്ദർശിക്കാം. ഇന്ന് രാവിലെ 10.30ന് (ഇന്ത്യൻ സമയം വൈകിട്ട് 3) നടക്കുന്ന ഉദ്ഘാടന കുർബാനയിൽ മാക്രോൺ പങ്കെടുക്കും.
2019 ഏപ്രിലിലുണ്ടായ വൻ അഗ്നിബാധയിൽ മദ്ധ്യകാലഘട്ട നിർമ്മിതിയായ നോത്രദാം പള്ളിയുടെ മേൽക്കൂരയും ഗോപുരവും പൂർണമായും നശിച്ചിരുന്നു. എന്നാൽ, പള്ളിയുടെ ഘടന കേടുകൂടാതെ നിന്നു. ഗോഥിക് വാസ്‌തുവിദ്യയിൽ തീർത്ത നോത്രദാമിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാമെന്ന് കരുതുന്നു.
12 -ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നോത്രദാമിൽ ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ തലയിൽ ധരിപ്പിച്ച മുൾക്കിരീടത്തിന്റെ ഭാഗം ഉൾപ്പെടെ അനേകം അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ശേഖരം നോത്രദാമിലുണ്ടായിരുന്നു. എന്നാൽ അഗ്നിബാധയിൽ ഈ അമൂല്യ വസ്തുക്കൾക്കൊന്നും കേടുപാട് സംഭവിച്ചില്ല. 84 കോടി യൂറോ ആണ് പള്ളിയുടെ പുനരുദ്ധാരണത്തിന് ചെലവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |