ധാക്ക: മുന്നറിയിപ്പുകൾ അവഗണിച്ച് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ധാക്കയിലെ തങ്ങളുടെ കേന്ദ്രവും ക്ഷേത്രവും അക്രമികൾ തീവച്ച് നശിപ്പിച്ചതായി ഇസ്കോൺ ( ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് ) അറിയിച്ചു. ഇന്നലെ പുലർച്ചെ ദോർ ഗ്രാമത്തിലായിരുന്നു സംഭവം. വിഗ്രഹങ്ങളടക്കം കത്തി നശിച്ചു. ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള തകര മേൽക്കൂര ഉയർത്തി പെട്രോൾ ഒഴിച്ചു തീയിടുകയായിരുന്നു. ബംഗ്ലാദേശിൽ ഇസ്കോണിനെ നിരോധിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ സംഭവം. ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഇസ്കോൺ മുൻ അംഗം ചിൻമയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയെ ബംഗ്ലാദേശ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. ദാസ് അടക്കം 17 സന്യാസിമാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ദാസിന് ജയിലിൽ ഭക്ഷണവും മരുന്നുമായെത്തിയ സന്യാസിമാരെ വാറണ്ടില്ലാതെ അറസ്റ്റിലാക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ട 63 ഇസ്‌കോൺ സന്യാസിമാരെ ബംഗ്ലാദേശ് അധികൃതർ അതിർത്തി കടക്കാൻ അനുവദിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിരവധി ഇസ്കോൺ കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ബലംപ്രയോഗിച്ച് അടപ്പിച്ചെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |