തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെയാണ് ഭർത്താവ് അഭിജിത്തിനെയും കൂട്ടുകാരൻ അജാസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അവരിപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തിരുന്നു. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത്ത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് കൂടുതൽപ്പേരെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. ഇത് സംശയങ്ങൾക്ക് കൂടുതൽ കരുത്തുപകർന്നു, ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. നിർണായക വിവരങ്ങൾ ലഭിച്ചു എന്നാണ് സൂചനകൾ. ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നത്. കണ്ണിന് താഴെയും തോളിലുമായിരുന്നു മർദനത്തിന്റെ പാടുകൾ.
മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്.രണ്ടു ദിവസം മുമ്പാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛൻ ശശിധരൻ കാണിയാണ് പൊലീസിൽ പരാതി നൽകിയത്.ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |