ഇന്ന് രാവിലെയാണ് സിനിമാതാരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം ഗുരുവായൂരിൽ വിവാഹിതനായത്. സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇപ്പോഴിതാ വിവാഹത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കാളിദാസ്. ജീവിതത്തിലെ സ്വപ്നം പൂവണിഞ്ഞുവെന്നാണ് കാളിദാസിന്റെ പ്രതികരണം.
'എന്റെ സ്വപ്നമായിരുന്നു വിവാഹം. ജീവിതത്തിലെ പുതിയ യാത്രയാണിത്. ഞങ്ങൾ ലിറ്റിൽ എന്നുവിളിക്കുന്ന തരിണിയോടൊപ്പമുളള പുതിയ യാത്ര. എല്ലാവരും നേരിട്ട് വന്ന് അനുഗ്രഹിച്ചതിന് നന്ദിയുണ്ട്.ചെന്നൈയിലെ റിസപ്ഷനിൽ ചെറിയ പരിഭ്രമമുണ്ടായിരുന്നു. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ എത്തിയതോടെ മനസ് ശാന്തമായി. എല്ലാത്തിനും സംതൃപ്തിയുണ്ട്'- കാളിദാസ് പറഞ്ഞു.
ജയറാമും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ജീവിതത്തിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണെന്നാണ് ജയറാം പറഞ്ഞത്. 'കഴിഞ്ഞ 30 വർഷങ്ങൾക്ക് മുൻപ് എനിക്കും പാർവതിക്കും കണ്ണന്റെ മുൻപിൽ ഒരുമിക്കാൻ സാധിച്ചു. സന്തോഷമാണ്. ഞങ്ങളുടെ ചെറിയ കുടുംബം വലുതായി. ഒരു മകനെയും മകളെയും കൂടി ഞങ്ങൾക്ക് കിട്ടി. ഇപ്പോൾ അധികമായൊന്നും പറയാൻ കഴിയുന്നില്ല. അത്ര സന്തോഷമുണ്ട്'-അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 7.15നായിരുന്നു മുഹൂർത്തം. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് തുടങ്ങി നിരവധി വിഐപികൾ വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |