അഡ്‌ലെയ്സ്: സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് നടത്തിയ ആഘോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സുനിൽ ഗവാസ്കർ. ഹെഡിന്റെ ഗംഭീര ഇന്നിംഗ്സ് പരിഗണിച്ച് സിറാജ് ആഘോഷം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗവാസ്കർ പറഞ്ഞു.
'അത് അനാവശ്യമായിരുന്നു. ഹെഡ് 140 റൺസാണ് നേടിയത്. അല്ലാതെ ഒന്നോ രണ്ടോ റൺസല്ല. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ആരാധകരെ കൈയിലെടുത്ത ഒരു താരത്തെ ഇങ്ങനെയൊന്നും പറഞ്ഞുവിടേണ്ട ആവശ്യമില്ല. ഹെഡിനെ പുറത്താക്കിയതിലൂടെ സിറാജ് ഒരു വില്ലനായി മാറി. ഹെഡ് പുറത്തായ ശേഷം സിറാജ് കയ്യടിച്ചിരുന്നെങ്കിൽ അദ്ദേഹം അഡ്‍ലെയ്ഡ് സ്റ്റേഡിയത്തിൽ ഒരു ഹീറോയായി മാറുമായിരുന്നു'- ഗവാസ്കർ പ്രതികരിച്ചു.
സിറാജിന്റെ പ്രവൃത്തിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് മാത്യു ഹെയ്‌ഡനും പ്രതികരിച്ചു. സിറാജിന്റെ ഭാഗത്ത് നിന്ന് വൈകാരിക പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.'ഒരു ബോളറെന്ന നിലയിൽ ആ സമയത്ത് ഉണ്ടാകേണ്ട തീവ്രതയാണ് ഗ്രൗണ്ടിൽ കണ്ടെത്. എങ്കിലും 140 റൺസെടുത്ത് ഹീറോയായി നിൽക്കുകയാണ് ട്രാവിസ് ഹെഡ്. സിറാജിന്റെ പ്രതികരണത്തിൽ കുറച്ച് നിയന്ത്രണം വേണമായിരുന്നു'- അദ്ദേഹം പറഞ്ഞു. മത്സരത്തിൽ 141 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 140 റൺസെടുത്താണ് പുറത്തായത്. ആദ്യ ഇന്നിംഗ്സിൽ 24.3 ഓവറുകൾ പന്തെറിഞ്ഞ സിറാജ് 98 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |