ശ്രീനഗർ: ജമ്മു കാശ്‌മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വാനിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ. ഉധംപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൊലീസുകാരുടെ മരണം കൊലപാതകമാണെന്നാണ് സംശയം. വടക്കൻ കാശ്മീരിലെ സോപോറിൽ നിന്ന് റിയാസി ജില്ലയിലെ തൽവാരയിലുള്ള സബ്‌സിഡറി ട്രെയിനിംഗ് സെന്റർ പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്.
രാവിലെ 6.30ന് ഉധംപൂരിലെ കാളി മാതാ ക്ഷേത്രത്തിന് സമീപത്തെ വാനിനുള്ളിൽ പൊലീസുകാരുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. കൂട്ടത്തിലെ ഒരാൾ മറ്റൊരു പൊലീസുകാരനെ കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ ഡ്രെെവറായ കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. ഇതേ വാഹനത്തിലുണ്ടായിരുന്ന ഒരു ഗ്രേഡ് കോൺസ്റ്റബിൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |