ദമാസ്‌ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്, പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി ഉൾപ്പെടെ രാജ്യം വിട്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി. ജനങ്ങളുടെ നല്ലതിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. സ്വന്തം വീട്ടിൽ ഉണ്ടെന്നും എവിടേക്കും രക്ഷപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു.
'സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കെെകോർക്കാൻ തയ്യാറാണ്. ഞാൻ എന്റെ വീട്ടിൽ ഉണ്ട്. എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് എന്റെ വിധേയത്വം. രാവിലെ ഓഫീസിലേക്ക് പോകും, ജോലി ചെയ്യും. രാജ്യത്തെ പൊതു സമ്പത്ത് നശിപ്പിക്കരുത്', - ജലാലി പറഞ്ഞു.
അതേസമയം, തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്. മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി ഇവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്തുനിൽപ്പ് നാമമാത്രമാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടിരുന്നു. വിമതർ കൊട്ടാരം കൈയടക്കിയെന്നും പ്രസിഡന്റ് ബഷാർ അൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |