റിയാദ്: സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നും ഉണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ചു സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധി പറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിംഗ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായസമിതി അറിയിച്ചു. കഴിഞ്ഞ നവംബർ 17ന് അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ എട്ടിലേക്ക് നീട്ടിവച്ചിരുന്നു.
എന്നാൽ ഇന്നും ഉത്തരവ് ഉണ്ടായില്ല. ജൂലായ് രണ്ടിന് അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും റഹീം ജയിൽ മോചിതനാകുക. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മോചന ഉത്തരവ് മാത്രമാണ് ഇനി വരാനുള്ളത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. ദയാധനമായ 15 മില്യൻ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച ബാലന്റെ കുടുംബത്തിന് കെെമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |