ആലപ്പുഴ: സംസ്ഥാനത്ത് കുട്ടികളോടുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും, അങ്കണവാടികളിൽ ക്യാമറ സ്ഥാപിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നൽകിയ ശുപാർശയോട് മുഖം തിരിച്ച് തദ്ദേശ സ്ഥാപനങ്ങൾ. കുട്ടികളെ നോക്കുന്ന പല സ്ഥാപനങ്ങളിലും കുട്ടികൾ അതിക്രമത്തിന് വിധേയരാകുന്ന വിഷയം ഗൗരവത്തോടെ കണ്ടാണ് വനിതാ ശിശു വികസന വകുപ്പ് കേരളത്തിലെ 33210 അങ്കണവാടികളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്. തുടർന്ന് വനിതാ ശിശു വികസന വകുപ്പ് അഡീഷണൽ സെക്രട്ടറി അങ്കണവാടികളിൽ ഘട്ടം ഘട്ടമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി പ്രസ്തുത ഫയൽ 2024 സെപ്റ്റംബർ ആദ്യം തന്നെ തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറി. എന്നാൽ മൂന്നു മാസങ്ങൾ കഴിഞ്ഞിട്ടും തദ്ദേശസ്വയംഭരണ വകുപ്പ് ഫയൽ തിരിഞ്ഞുനോക്കിയ മട്ടില്ല. അടിക്കടി കുഞ്ഞുങ്ങളോടുള്ള ക്രൂരതയും അശ്രദ്ധയും അങ്കണവാടികളിലും കിഡ്‌സ് സെന്ററുകളിലും തുടരുകയാണ്. അടുത്തിടെ തിരുവനന്തപുരത്ത് മൂന്നു വയസുള്ള കുഞ്ഞ് ജനൽ പടിയിൽ നിന്നും വീണ് ഗുരുതരമായ പരിക്ക് പറ്റിയിട്ടും ജീവനക്കാർ ശരിയായ സമയത്ത് ചികിത്സ നൽകുകയോ രക്ഷിതാക്കളെ വിവരം ധരിപ്പിക്കുകയോ ചെയ്തിരുന്നില്ല. മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു.
ആയമാർക്ക് സിലബസ് വരും
1.അങ്കണവാടികളിലെ ആയമാർക്ക് ശാസ്ത്രീയമായ സിലബസൊരുക്കി പഠിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ പ്രീ സ്‌കൂൾ വിദ്യാഭ്യാസമേഖല കൂടുതൽ സർഗാത്മകമാക്കുകയാണ് ലക്ഷ്യം
2.ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് സ്‌കൂൾ മാനേജ്‌മെന്റ് കോഴ്സിലൂടെ മൂന്നുമുതൽ ആറുവയസുവരെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ആയമാരുടെ സർഗാത്മക വികാസമാണ് ലക്ഷ്യം
3.ആറുമാസം ദൈർഘ്യമുള്ള കോഴ്സിലൂടെ കുട്ടികളുടെ സുരക്ഷാ പരിചരണം, വളർച്ച, വികാസം, ആരോഗ്യം, പോഷണം എന്നിവ ശാസ്ത്രീയമായി പഠിപ്പിക്കും. ആദ്യഘട്ടത്തിൽ ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളെ പരിശീലകരായി നിശ്ചയിക്കും
4. കോഴ്സുകൾ വിപുലീകരിക്കുന്ന ഘട്ടത്തിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ കൂടുതൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കും. 3500 രൂപയാണ് കോഴ്സ് ഫീസ്
വിഷയങ്ങൾ നാല്
# മൂന്ന് തിയറി പേപ്പറുകളും ഒരു പ്രാക്ടിക്കലും
# പഠനസാമഗ്രികൾ സ്‌കോൾ കേരള ലഭ്യമാക്കും
# ശനിയും ഞായറുമാണ് ക്ലാസ്
# നിരന്തര മൂല്യനിർണയം, പൊതുപരീക്ഷ
# മാർക്ക് പരിഗണിച്ച് ഗ്രേഡിംഗ്
# 50 ശതമാനം മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റ്
സംസ്ഥാനത്ത് കുഞ്ഞുങ്ങളോടുള്ള ക്രൂരതകൾ ആവർത്തിക്കുമ്പോഴും തദ്ദേശസ്വയംഭരണ വകുപ്പ് അങ്കണവാടികളിൽ നിരീക്ഷണക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ എടുക്കാതിരിക്കുന്നത് അനീതിയാണ്
-ചന്ദ്രദാസ് കേശവപിള്ള, സാമൂഹ്യപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |