തളിപ്പറമ്പ്: കണ്ണൂർ സർവകലാശാല കായിക മേളയിൽ പുരുഷ വിഭാഗത്തിൽ കണ്ണൂർ എസ്.എൻ. കോളേജും വനിതാ വിഭാഗത്തിൽ പയ്യന്നൂർ കോളേജും ജേതാക്കളായി. കണ്ണൂർ എസ്.എൻ കോളേജ് 67ഉം പയ്യന്നൂർ കോളേജ് 64ഉം പോയിന്റ് നേടിയാണ് ചാമ്പ്യന്മാരായത്.
പുരുഷവിഭാഗത്തിൽ 39 പോയിന്റ് നേടി പയ്യന്നൂർ രണ്ടാം സ്ഥാനത്തും 21 പോയിന്റുകൾ നേടി തലശ്ശേരി ബ്രണ്ണൻ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ മുൻ വർഷത്തെ ജേതാക്കളായ തലശ്ശേരി ബ്രണ്ണൻ 54 പോയിന്റുകളോടെ രണ്ടാം സ്ഥാനവും എളരിത്തട്ട് ഗവൺമെന്റ് കോളേജ് 22 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും നേടി.
പത്തു വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂർ എസ്.എൻ കോളജ് പുരുഷ വിഭാഗം ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ രണ്ടു വർഷവും പുരുഷ-വനിത വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയത് ബ്രണ്ണനായിരുന്നു. പയ്യന്നൂർ കോളേജ് മുൻ വർഷം ഇരു വിഭാഗങ്ങളിലും റണ്ണറപ്പായിരുന്നു.
മേളയിൽ 10,000 മീറ്ററിൽ പയ്യന്നൂർ കോളജിലെ മുഹമ്മദ് സബീൽ, 400 മീറ്റർ ഹഡിൽസിൽ ബ്രണ്ണൻ കോളജിലെ ഡെൽന ഫിലിപ്പ്, പോൾവാൾട്ടിൽ പയ്യന്നൂർ കോളജിലെ അതുൽ രാജ് എന്നിവർ മീറ്റ് റെക്കോഡുകൾ സ്ഥാപിച്ചു.
സർവകലാശാല സിൻഡിക്കേറ്റ് അംഗം ജോസഫ് തോമസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ആർ. അനിൽ അധ്യക്ഷനായി. വൈഷ്ണവ് മഹേന്ദ്രൻ, ജോ ജോസഫ്, കെ.വി ദേവസ്യ, സുവർണ്ണ ശങ്കർ, വി.എ വിൽസൺ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |