കൊച്ചി: സാമ്പത്തിക മാന്ദ്യം മറികടക്കാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ശക്തമായ നടപടികളെടുക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു. ഡിസംബർ ആദ്യ വാരം വിദേശ ധനകാര്യ സ്ഥാപനങ്ങൾ 24,455 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ നിന്ന് വാങ്ങിയത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ ഓഹരികളിൽ കനത്ത വില്പന സമ്മർദ്ദം സൃഷ്‌ടിച്ചതിന് ശേഷമാണ് വിദേശ ഫണ്ടുകൾ ശക്തമായി തിരിച്ചെത്തുന്നത്. നവംബറിൽ 21,612 കോടി രൂപയും ഒക്‌ടോബറിൽ 94,017 കോടി രൂപയുമാണ് വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.
ഒൻപത് വാരത്തിന് ശേഷം ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഉയർന്നു. നവംബർ 29ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 65,809 കോടി ഡോളറായാണ് ഉയർന്നത്. ഇതിന് മുൻപുള്ള എട്ടാഴ്ചകളിൽ വിദേശ നാണയ ശേഖരത്തിൽ 4830 കോടി ഡോളറിന്റെ കുറവുണ്ടായിരുന്നു. ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതും രാജ്യാന്തര വിപണിയിൽ ഡോളർ ദുർബലമായതും അനുകൂലമായി.
വിദേശ നിക്ഷേപ ഒഴുക്കിന് പിന്നിൽ
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച ഏഴ് പാദങ്ങൾക്കിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയതിന് ശേഷവും നിക്ഷേപകർ ഓഹരി വിപണിയിൽ സജീവമായി. വാരാന്ത്യത്തിൽ റിസർവ് ബാങ്ക് ബാങ്കുകളുടെ കരുതൽ ധന അനുപാതം അര ശതമാനം കുറച്ചതിനാൽ വിപണിയിൽ പണലഭ്യത മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ഇന്ത്യൻ കമ്പനികൾക്ക് ഗുണമാകുമെന്ന വിലയിരുത്തൽ കരുത്തായി
പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു
അമേരിക്കയിലെ ഫെഡറൽ റിസർവ് ഈ മാസം മുഖ്യ പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നു
ഓഹരി വിപണിക്ക് കരുത്താകും
റിസർവ് ബാങ്ക് ബാങ്കുകളുടെ കരുതൽ ധന അനുപാതം കുറച്ചതോടെ വിപണിയിലെ പണലഭ്യത ഗണ്യമായി കൂടുന്നതിനാൽ ഉപഭോഗം മെച്ചപ്പെടും. മഴ കൂടിയതോടെ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കാർഷിക ഉത്പാദനം കൂട്ടാനും നാണയപ്പെരുപ്പം കുറയാനും സഹായിക്കും. ഫെബ്രുവരിക്ക് ശേഷം പലിശ കുറയുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഈ വാരം പലിശ കുറച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |