കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാബാവയായി ഡോ. ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ സുറിയാനി സഭയുടെ ആഗോള തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ പ്രഖ്യാപിച്ചു. സഭയുടെ പ്രാദേശിക ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. സ്ഥാനാരോഹണം പിന്നീട്.
ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ തെരഞ്ഞെടുത്ത പിൻഗാമിയാണ് ജോസഫ് ഗ്രിഗോറിയോസ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളികളുൾപ്പെടെ നഷ്‌ടമാകുന്ന നിർണായകമായ സന്ദർഭത്തിൽ സഭയെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് അദ്ദേഹം വഹിക്കുക. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്ന് ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മലങ്കര സുറിയാനി സഭയുടെ വിശുദ്ധനായ ചാത്തുരുതിൽ ഗ്രിഗോറിയോസിന്റെ നാലാം തലമുറയിലെ അംഗമാണ് ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ വീട്ടിൽ പള്ളത്തട്ടയിൽ പരേതനായ വർഗീസിന്റെയും സാറാമ്മയുടെയും മകനാണ്. 13-ാം വയസിൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. പെരുമ്പിള്ളി യൂലിയോസ് സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും അയർലൻഡിൽ നിന്ന് വേദശാസ്ത്രത്തിലും ബിരുദം നേടി. 23-ാം വയസിൽ കാശീശപട്ടം നേടി. ബംഗളൂരുവിൽ വികാരിയായാണ് തുടക്കം. 1993 ഡിസംബറിൽ 33-ാം വയസിൽ കൊച്ചി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി. 23 വർഷം ഭദ്രാസന മെത്രാപ്പോലീത്തയായി. 18വർഷം സുന്നഹദോസ് സെക്രട്ടറിയായി. ഗൾഫ്, യൂറോപ്പ് ഭദ്രാസനങ്ങളുടെയും ചുമതല വഹിച്ചു. 2019 മുതൽ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയാണ്.
ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനാരോഗ്യത്തെ തുടർന്ന് ജോസഫ് ഗ്രിഗോറിയോസിനെ കാതോലിക്കോസ് അസിസ്റ്റന്റായി നിയമിച്ചിരുന്നു. തന്റെ പിൻഗാമിയായി ജോസഫ് ഗ്രിഗോറിയോസിനെ നിയമിക്കണമെന്ന് ശ്രേഷ്‌ഠ ബാവ വിൽപ്പത്രത്തിൽ എഴുതിവച്ചിരുന്നു. ശ്രേഷ്‌ഠബാവ കാലം ചെയ്‌തതിനെ തുടർന്ന് കാതോലിക്കാബാവയുടെ താത്കാലിക ചുമതല അദ്ദേഹത്തിന് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |