കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുമ്പോഴും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല. 3.44 ലക്ഷം രൂപ നഷ്ടപ്പെട്ടതിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് നടപടി സ്വീകരിച്ചു. കൂത്തുപറമ്പ് സ്വദേശിക്കു 2,59,798 രൂപയാണ് നഷ്ടപ്പെട്ടത്. പരാതിക്കാരന്റെ മകളുടെ കാർ ലോൺ പരാതിക്കാരന്റെ സിബിൽ സ്‌കോറിനെ ബാധിച്ചതിനാൽ ലോൺ ഫൈനാൻസിന്റെ സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച പരാതിക്കാരനെ തിരിച്ചു വിളിച്ചു കാറിന്റെ ഇൻസ്റ്റാൾമെന്റ് 2 തവണ മുടങ്ങിയതായും അത് അടക്കണമെന്നും പറഞ്ഞു അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു ചതി ചെയ്യുകയായിരുന്നു.
കണ്ണൂർ സിറ്റി സ്വദേശിനിക്ക് 50,287 രൂപയാണ് നഷ്ടപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മീഷോയുടെ പ്രോഡക്ട് പ്രമോഷൻ പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതി ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഫേസ്ബുക്ക് വഴി പരാതിക്കാരന്റെ സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് കണ്ണൂർ ടൗൺ സ്വദേശിക്കു 15,000 രൂപ നഷ്ടപ്പെട്ടതാണ് മറ്റൊരു പരാതി. ടൗൺ സ്വദേശിയായ മറ്റൊരാൾക്ക് 10,384 രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്കിൽ പരസ്യം കണ്ട് സാനിട്ടറി മെറ്റീരിയൽ വാങ്ങുന്നതിനായി പണം നൽകുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശിക്കു 9405 രൂപ നഷ്ടപ്പെട്ടു. ഓൺലൈൻ ലോണിനു അപേക്ഷിച്ച പരാതിക്കാരന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുത്തതായാണ് പരാതി.
തട്ടിപ്പിന് പുതുപുത്തൻ
തന്ത്രങ്ങൾ
കാഞ്ഞങ്ങാട്: ഓൺലൈൻ തട്ടിപ്പുകാർ തന്ത്രങ്ങൾ മാറിമാറി പരീക്ഷിക്കുന്നതാണ് കൂടുതൽ ഇരകളെ സൃഷ്ടിക്കുന്നത്. പണം അയക്കാനായി ഉപയോഗിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ആദ്യം അവരുടെ അക്കൗണ്ടിലേക്ക് ചെറിയ തുക അയച്ചു തട്ടിപ്പു നടത്തുന്ന രീതി അടുത്തകാലത്തായി വ്യാപകമായിട്ടുണ്ട്. അയ്യായിരം രൂപ വരെ ഇങ്ങനെ ആദ്യം അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം വിളിച്ച് അബദ്ധത്തിൽ പണം അയച്ചുപോയിട്ടുണ്ടെന്നും പണം തിരികെ അയക്കാൻ സഹായിക്കാമോയെന്നും ചോദിക്കും.
യു.പി.ഐ ഓപ്പറേറ്റർ ഇതിനുള്ള സമ്മതം അറിയിക്കുന്നതോടെ കൂടുതൽ തുക തട്ടിയെടുക്കാനുള്ള വഴി തെളിയുമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത നിക്ഷേപങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നോട്ടിഫിക്കേഷനുകൾ വന്നാലുടനെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള ആകാംക്ഷ ഒഴിവാക്കാനും ഇവർ നിർദ്ദേശിക്കുന്നു. പതിനഞ്ച് മുതൽ മുപ്പത് മിനിട്ട് വരെ അക്കൗണ്ട് ചെക്ക് ചെയ്യാതിരിക്കുക. ഇതിനുള്ളിൽ വിഡ്രോവൽ പിരീഡ് ഇതോടെ അവസാനിക്കും. അപ്രതീക്ഷിതമായി ഏതെങ്കിലും പണം ക്രെഡിറ്റായതായി അറിയിപ്പ് ലഭിച്ചാൽ, നിക്ഷേപത്തിന്റെ ആധികാരികത പരിശോധിക്കാൻ ഉപഭോക്താവ് ബാങ്കുമായി ബന്ധപ്പെടണമെന്നും സൈബർ വിംഗ് ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |