കണ്ണൂർ: സി.പി.എമ്മിനെതിരെ വെല്ലുവിളിയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. സി.പി.എമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോൺഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും സുധാകരൻ പറഞ്ഞു. പിണറായിയിൽ അടിച്ചു തകർത്ത കോൺഗ്രസ് ഓഫീസ് പുനർനിർമ്മിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സുധാകരന്റെ വെല്ലുവിളി.
അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ അതിന് കോൺഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് കെ. സുധാകരൻ പറഞ്ഞു. തങ്ങൾക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാൻ കഴിയില്ലെന്നാണോ നിങ്ങൾ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സി.പി.എമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ പറയണം. ആൺകുട്ടികൾ ഇവിടെയുണ്ടെന്ന് കാണിച്ചു തരാമെന്നും കെ. സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് അക്രമികൾ അടിച്ചു തകർത്തത്. സി.സി.ടി.വി ക്യാമറകൾ തകർത്തശേഷമായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിനൊപ്പം പ്രധാനപ്പെട്ട വാതിൽ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |