ഡെമാസ്കസ് : വിമതർ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസജും കുടുംബവും മോസ്കോയിലെന്ന് സ്ഥിരീകരണം. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. നേരത്തെ അസദ് സിറിയ വിട്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ നൽകിയതായി റഷ്യൻ അധികൃതർ അറിയിച്ചു. വിമതർ ഡെമാസ്കസ് പിടിക്കുമെന്ന് വന്നതോടെ ശനിയാഴ്ച രാത്രിയിൽ തന്നെ ബാഷർ അജ്ഞാത കേന്ദ്രത്തിലേക്ക് പോയെന്നാണ് റിപ്പോർട്ടുണ്ടായിരുന്നു.
അതേസമയം അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഉരുക്ക് മുഷ്ടിയുള്ള വാഴ്ചയ്ക്കും ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് വിമതർ അന്ത്യം കുറിച്ചത് ഇടക്കാല ഗവൺമെന്റിന് അധികാരം കൈമാറുമെന്ന് വിമതർ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അൽ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിമത കമാൻഡർ അബു മുഹമ്മദ് അൽ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ ഡെമാസ്കസ് വിമതർ പിടിച്ചു. കുപ്രസിദ്ധമായ സെദ്നായ ജയിലിലെ നൂറുകണക്കിന് വിമത തടവുകാരെ മോചിപ്പിച്ചു. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ മൂന്നര ലക്ഷം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകൾ തെരുവിലാവുകയും ചെയ്തു. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനിൽപ്പില്ലാതെയാണ് വിമതർ ഡെമാസ്കസിൽ കടന്നത്. ആയിരക്കണക്കിന് ജനങ്ങൾ നഗരകവാടത്തിൽ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കി. ബാഷറിന്റെ പിതാവും മുൻ പ്രസിഡന്റുമായ ഹാഫിസിന്റെ പ്രതിമ തകർത്തു. ബാഷറിന്റെ കൊട്ടാരം കൈയേറി കൊള്ളയടിച്ചു. സിറിയൻ സെൻട്രൽ ബാങ്കും കൊള്ളയടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |