പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കയിലും 2010 മുതൽ ആഞ്ഞടിച്ച അറബ് വസന്തം എന്ന ഭരണകൂടവിരുദ്ധ ജനമുന്നേറ്റത്തിൽ വീണ അവസാനത്തെ വിക്കറ്റാണ് ബാഷർ അൽ അസദിന്റേത്. ലിബിയയിൽ ഗദ്ദാഫി, ഈജിപ്തിൽ ഹോസ്നി മുബാറക്ക്, ടുണീഷ്യയിൽ ബെൻ അലി, യെമനിൽ അബ്ദുള്ള സാലെ. ആ നിരയിലേക്ക് വർഷങ്ങൾക്കുശേഷം അസാദിന്റെ പേരുകൂടി കൂട്ടിച്ചേർക്കപ്പെടുന്നു. റഷ്യയുടേയും ഇറാന്റേയും പിന്തുണയായിരുന്നു അദ്ദേഹത്തെ താങ്ങിനിറുത്തിയിരുന്നത്.
1946ൽ സ്വാതന്ത്ര്യം നേടിയ ഭൂരിപക്ഷ സുന്നി അറബ് രാഷ്ട്രമാണ് സിറിയ. നിരവധി പട്ടാള അട്ടിമറികൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ 1963ൽ അറബ് സോഷ്യലിസ്റ്റുകളുടെ ബാത്ത് പാർട്ടിയുടെ ഭരണം നിലവിൽ വന്നു. ഇത് പിന്നീട് നേതാവ് ഹാഫിസ് അൽ അസദിലേക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരിലേക്കും ചുരുങ്ങി. യെല്ലൊ വൈറ്റ് എന്ന ഷിയ വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. മത, വംശീയ വൈവിദ്ധ്യങ്ങൾ ധാരാളമുള്ള സിറിയയിലെ ഒരു ന്യൂനപക്ഷ വിഭാഗമായിരുന്നു ഇത്.
1971ൽ തുടങ്ങിയ ഹാഫിസിന്റെ ഏകാധിപത്യ ഭരണം 2000ത്തിൽ അദ്ദേഹത്തിന്റെ മരണശേഷം പുത്രനായ ബാഷർ അൽ അസദിലേക്ക് കൈമാറുന്നു. നേത്രരോഗ വിദഗ്ദ്ധനായ ബാഷർ 2000 മുതൽ രാജ്യത്തിന്റെ പ്രസിഡന്റും സർവസൈന്യാധിപനുമായി തുടർന്നുവന്നു. ഏകാധിപത്യ രീതിയിലുള്ള ഭരണനയങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നെങ്കിലും അവയെ അടിച്ചമർത്തി. പക്ഷേ, അറബ് വസന്തത്തിന്റെ അലയൊലികൾ അസദ് ഭരണകൂടത്തിന്റെ അടിത്തറയിളക്കി. പല നഗരങ്ങളുടെയും നിയന്ത്രണം വിവിധ വിമതവിഭാഗങ്ങൾ കൈക്കലാക്കി. പലതും കടുത്ത പോരാട്ടങ്ങളിലൂടെ തിരിച്ചുപിടിക്കാനായെങ്കിലും രാജ്യം പോർക്കളമായി അവശേഷിച്ചു. ഇക്കാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചരലക്ഷത്തിനു മുകളിൽ വരുമെന്ന് കണക്കാക്കുന്നു. ഈ സംഘർഷങ്ങൾക്കാണ് ഇപ്പോൾ തീരുമാനമുണ്ടായത്.
സമാധാനം അകലെ
അസദിന്റെ പലായനത്തിലൂടെ സിറിയയിൽ സമാധാനം വരാനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ല. നിലവിൽ തലസ്ഥാനം പിടിച്ച ഹയത്ത് താഹിർ അൽ ഷാം അൽക്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ്. തുർക്കി പിന്തുണയ്ക്കുന്ന സിറിയൻ നാഷണൽ ആർമി, അമേരിക്കൻ പിന്തുണയുള്ള കുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്, ഇസ്ലാമിക് സ്റ്റേറ്റ്, ഷിയ സായുധ വിഭാഗങ്ങൾ. ഒരു കാലത്തും ചേരാത്ത ഇവർക്കൊപ്പം വിദേശ രാഷ്ട്രങ്ങളുടെ താത്പര്യങ്ങളും... സിറിയയെ കാത്തിരിക്കുന്നത് കൂടുതൽ വലിയ സിവിൽ യുദ്ധത്തിന്റേയും അഭയാർത്ഥി പ്രവാഹത്തിന്റേയും നാളുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |