അര നൂറ്റാണ്ടിലേറെ സിറിയ ഭരിച്ചവരാണ് ശക്തരായ അസദ് കുടുംബം. ഇന്നലെ ഡമാസ്‌കസിലെ അവരുടെ അധികാര കേന്ദ്രം വിമത സേനകൾ തുടച്ചുനീക്കി. പ്രസിഡന്റ് ബാഷർ അൽ- അസദ് പലായനം ചെയ്തതോടെ സിറിയയുടെ ചരിത്രത്തിലെ സംഘർഷ ഭരിതമായ അദ്ധ്യായത്തിന് തിരശീല വീണു. 1971ൽ മുൻ പ്രസിഡന്റ് ഹാഫിസ് അൽ- അസദ് തുടക്കമിട്ട കുടുംബാധിപത്യത്തിന് മകൻ ബാഷർ അൽ- അസദിന്റെ പതനത്തോടെ അന്ത്യമായി. പട്ടാള അട്ടിമറിയിലൂടെയാണ് ഹാഫിസ് അധികാരത്തിലെത്തിയത്. നാടെങ്ങും തടങ്കൽ പാളയങ്ങളുണ്ടാക്കി എതിരാളികളെ തളച്ചു. ജനങ്ങൾക്ക് മേൽ ഗവൺമെന്റിന്റെ നിരീക്ഷണം ശക്തമാക്കി.
2000ൽ ഹൃദയാഘാതം മൂലം ഹാഫിസ് മരിച്ചതോടെയാണ് അസദ് പ്രസിഡന്റായത്. 1988ൽ സിറിയൻ ആർമിയിൽ ഡോക്ടറായ അസദ് പിന്നീട് ലണ്ടനിലെ വേസ്റ്റേൺ ഐ ഹോസ്പിറ്റലിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1994ൽ മൂത്ത സഹോദരൻ ബാസൽ അൽ- അസദ് കാറപകടത്തിൽ മരിച്ചതോടെ സിറിയയിൽ തിരിച്ചെത്തിയ അസദ് സൈനിക, ഭരണ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു.
വൈകാതെ പ്രസിഡന്റുമായി. പിന്നീട് ജനാധിപത്യ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു സിറിയയിൽ. അസദിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ സമൂഹത്തിൽ അസമത്വങ്ങൾ വഷളാക്കി. അസദിന്റെ ബാത്ത് പാർട്ടിയിൽ നിന്ന് ഗ്രാമീണ ജനതയും തൊഴിലാളിവർഗവും ബിസിനസുകാരും അകന്നു.
ബാഷർ സ്വേച്ഛാധിപതിയായി. മനുഷ്യാവകാശ ലംഘനങ്ങളും കടുത്ത അടിച്ചമർത്തലുകളും ജനങ്ങളിൽ അമർഷം വളർത്തി. അസദ് ഭരണത്തിന്റെ ആദ്യ ദശകത്തിൽ കടുത്ത സെൻസർഷിപ്പ്, വിചാരണയില്ലാതെ വധശിക്ഷകൾ, തിരോധാനം, വംശീയ ന്യൂനപക്ഷ വിവേചനം, രഹസ്യപൊലീസിന്റെ നിരീക്ഷണം തുടങ്ങിയവ ജനങ്ങളെ യാതനയിലാക്കി.
2011 ആയപ്പോഴേക്കും പ്രക്ഷോഭങ്ങൾ രൂക്ഷമായി. സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ തുടങ്ങിയ പ്രക്ഷോഭങ്ങൾ ആഭ്യന്തര യുദ്ധത്തിന് വഴിമാറി. സിറിയൻ സേനയ്ക്കെതിരെ വിവിധ സായുധ ഗ്രൂപ്പുകൾ രംഗത്തിറങ്ങി. അസദ് രാജിവയ്ക്കണമെന്ന് യു.എസും യൂറോപ്യൻ യൂണിയനും അറബ് ലീഗിലെ ഭൂരിഭാഗം രാജ്യങ്ങളും ആവശ്യപ്പെട്ടു.
അതേസമയം, സിറിയൻ സൈന്യത്തിന് സഹായവുമായി റഷ്യയും ഇറാനുമെത്തി. ഒരു ദശാബ്ദത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിനിടെ അഞ്ച് ലക്ഷത്തിലേറെ പേർ മരിച്ചു. നിരവധി യുദ്ധക്കുറ്റങ്ങളും അസദ് സർക്കാർ ഇക്കാലയളവിൽ ചെയ്തു. മാരക രാസായുധങ്ങളുടെ പ്രയോഗമാണ് ഏറ്റവും പ്രധാനം. 2013ൽ സരീൻ രാസായുധം വഹിക്കുന്ന റോക്കറ്റുകൾ വിമത നിയന്ത്രണത്തിലുള്ള ഗൗത നഗരത്തിലേക്ക് ചീറിപ്പാഞ്ഞെത്തി. 280 മുതൽ 1700 പേർ വരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
രാസായുധ പ്രയോഗത്തോടെ പാശ്ചാത്യ രാജ്യങ്ങൾ അസദിനെതിരെ അണിനിരന്നു. ഫ്രാൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോപണങ്ങളെല്ലാം അസദ് നിഷേധിച്ചു. കഴിഞ്ഞ നവംബറിൽ പൊട്ടിപ്പുറപ്പെട്ട വിമത ആക്രമണത്തിന് മുന്നിൽ അസദിന്റെ സൈന്യത്തിന് പിടിച്ചുനിൽക്കാനായില്ല. റഷ്യയും ഇറാൻ അനുകൂല സേനകളും സഹായത്തിനുണ്ടായിട്ടും പശ്ചിമേഷ്യൻ, യുക്രെയിൻ സംഘർഷങ്ങളിൽ ഇരുകൂട്ടരും ശ്രദ്ധിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വിമതരുടെ കൈയിൽപ്പെടുമെന്ന് വന്നതോടെ രഹസ്യമായി പലായനം ചെയ്യേണ്ടിവന്നു അസദിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |