ഡമാസ്‌കസ്: സിറിയൻ പ്രസിഡന്റ് ബാഷർ അൽ- അസദ് പലായനം ചെയ്തതിന് പിന്നാലെ തലസ്ഥാനമായ ഡമാസ്‌കസിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി ജനം. പ്രസിഡൻഷ്യൽ പാലസിൽ ജനങ്ങളും വിമത സേനാംഗങ്ങളും ചുറ്റിത്തിരിയുന്നതിന്റെയും വിലപിടിപ്പുള്ള വസ്തുക്കൾ തല്ലിത്തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസദിന്റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ നശിപ്പിച്ചു. വസതിയിലെ വസ്തുക്കൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. അതേസമയം, ഡമാസ്‌കസടക്കം സിറിയൻ നഗരങ്ങളിലുള്ള അസദിന്റെയും പിതാവും മുൻ പ്രസിഡന്റുമായ ഹാഫിസ് അൽ- അസദിന്റെയും പ്രതിമകളും ചിത്രങ്ങളും ജനം തല്ലിത്തകർത്തു. വിമതരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച ജനങ്ങൾ അസദിന്റെ ചിത്രങ്ങൾ തെരുവുകളിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ, ഡമാസ്‌കസിലെ സെദ്‌നായ അടക്കം ജയിലുകളിൽ നിന്ന് മുഴുവൻ തടവുകാരേയും വിമതർ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 'മനുഷ്യ അറവുശാല" എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ സെദ്‌നായ ജയിലിൽ തടവിലാക്കപ്പെട്ട സാധാരണക്കാരടക്കം ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ സർക്കാർ ക്രൂരമായി അടിച്ചമർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |