ഖത്തർ: യു.എസ് ഡോളറിനെതിരെ പുതിയ ബ്രിക്സ് കറൻസി അവതരിപ്പിക്കുന്നത് പരിഗണനയിലില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഖത്തറിൽ 22-ാമത് ദോഹ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു.എസ് ഡോളറിനെ ദുർബലപ്പെടുത്താൻ ബ്രിക്സ് രാജ്യങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.എസ് ഡോളറിന് പകരം പുതിയ കറൻസി രൂപീകരിച്ചാലോ മറ്റ് കറൻസിയെ പിന്തുണച്ചാലോ ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിലെ പ്രേരണ എന്താണെന്ന് അറിയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരത്തിൽ യു.എസ് ഡോളറിനെ മാറ്റാൻ ശ്രമിക്കുന്ന ഏതൊരു ബ്രിക്സ് രാജ്യത്തിനും പിന്നെ അമേരിക്കയുമായി ബന്ധമുണ്ടാകില്ലെന്നും ട്രംപ് പറയുന്നു. ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്റ്റ്, എത്യോപിയ, യു.എ.ഇ എന്നിവയാണ് ബ്രിക്സിലെ അംഗങ്ങൾ.
അതേ സമയം, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടെ ക്ഷണപ്രകാരം വെള്ളിയാഴ്ചയാണ് ജയശങ്കർ ദോഹയിലെത്തിയത്. തുടർന്ന്, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ ബഹ്‌റൈനിലെത്തിയ ജയശങ്കർ മനാമയിലുള്ള 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |