വാഷിംഗ്ടൺ : ഇത്തിരി കുഞ്ഞനാണെങ്കിലും കൊടും ഭീകരൻമാരാണ് കുക്കികട്ടർ സ്രാവുകൾ. സിഗാർ ഷാർക്ക് എന്നും അറിയപ്പെടുന്ന ഇവയ്‌ക്ക് 42 മുതൽ 56 സെന്റീമീറ്റർ വരെ മാത്രമേ നീളമുള്ളൂ. പക്ഷേ, കുക്കി (ബിസ്‌കറ്റ്) മുറിക്കുന്ന ഉപകരണത്തെ പോലെയാണ് ഇവയുടെ ആക്രമണത്തിന്റെ സ്റ്റൈൽ. തന്നേക്കാൾ ഇരട്ടിയിലേറെ വലിപ്പമുള്ള തിമിംഗലം, സീൽ, സ്രാവ്, തിരണ്ടി തുടങ്ങിയ കടൽ ജീവികളുടെ ശരീരം വൃത്താകൃതിയിൽ തുരന്ന് അതിനുള്ളിലെ മാംസം കടിച്ചെടുക്കുന്നു.
ജീവികളെ മാത്രമല്ല കണ്ണിൽപ്പെടുന്നതിനെയെല്ലാം ഈ വിരുതൻമാർ ആക്രമിക്കാറുണ്ട്. അന്തർവാഹിനികൾ, മീൻ വലകൾ, അന്തർ സമുദ്ര കേബിളുകൾ തുടങ്ങി ചിലപ്പോൾ മനുഷ്യരെവരെ ഇവ ആക്രമിക്കാറുണ്ട്. മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ച് ഇവ ഇരയുടെ ശരീരത്തിൽ കടിച്ചു തൂങ്ങുന്നു. വൃത്താകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളും ഇവയുടെ പ്രത്യേകതയാണ്. അമേരിക്കൻ അന്തർവാഹിനികളെ വിറപ്പിച്ച ചരിത്രം ഈ വിരുതൻമാർക്കുണ്ട്. ഗതി നിർണയത്തിന് സഹായിക്കുന്ന അന്തർ സമുദ്ര ഇലക്ട്രിക് കേബിളുകളെ ഇവ ആക്രമിക്കുന്നത് പതിവായിരുന്നു.
1970കളിൽ നിരവധി അമേരിക്കൻ അന്തർവാഹിനികൾക്ക് ഇതുകാരണം ഉണ്ടായ കേടുപാടുകൾ ശരിയാക്കാനായി അതത് ബേസുകളിലേക്ക് മടങ്ങേണ്ടിവന്ന ചരിത്രമുണ്ട്. അജ്ഞാത ആയുധങ്ങളാണ് അന്തർവാഹിനികൾക്ക് നാശം സംഭവിക്കാനിടയാക്കിയതെന്ന് ആദ്യമൊക്കെ കരുതിയെങ്കിലും പിന്നീട് കുക്കികട്ടർ സ്രാവുകളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
കപ്പലുകളുടെ സോണാർ ഡോമുകളുടെ നിയോപ്രീൻ ഇവ കടിച്ചെടുത്ത് നശിപ്പിക്കുന്നത് വഴി ഗതിനിയന്ത്രണം അനിശ്ചിതത്വത്തിലായിട്ടുണ്ട്. 1980കളിൽ ഏകദേശം 30ലേറെ അന്തർവാഹിനികളെ ഇത്തരത്തിൽ കുക്കികട്ടർ സ്രാവുകൾ ആക്രമിച്ചിട്ടുണ്ട്. സ്രാവുകൾക്കിടയിൽ ഏറ്റവും കൂടുതൽ ബയോലൂമിനസെൻസ് (രാസപ്രവർത്തനങ്ങളിലൂടെ പ്രകാശം ഉത്പാദിപ്പിക്കപ്പെടുന്ന പ്രതിഭാസം ) കാണപ്പെടുന്നതും കുക്കികട്ടർ സ്രാവുകളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |