കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. ഓഫീസിലെ സിസിടിവി ക്യാമറകൾ തകർത്ത ശേഷമായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ തകർത്തതിനൊപ്പം പ്രധാന വാതിൽ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കൊടിതോരണങ്ങൾ ആകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. തകർത്ത ഓഫീസ് കഴിഞ്ഞ ദിവസം തന്നെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു.
ഉദ്ഘാടനശേഷം സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളാണ് സുധാകരൻ ഉന്നയിച്ചത്. ഓഫീസിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയപ്പെട്ടവരുടെ ചോര കണ്ടിട്ടുപോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല, ഓഫീസ് തല്ലിത്തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുകയെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചത്.
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോൺഗ്രസിനെ നെഞ്ചോട് ചേർത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂർ. ആ ചോരയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച് നിൽക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുക?
ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം പോലും നടത്താൻ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. ആ വെണ്ടുട്ടായിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിർമിച്ചത്. രാത്രിയുടെ മറവിൽ ഓഫീസ് തകർക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്.
സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂവർണ്ണക്കൊടി അവിടെ ഉയർന്നു പറക്കും. അതിനു സാക്ഷിയായി പ്രിയദർശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |