ധാക്ക: സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്‌കോൺ മുൻ അംഗം ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയ്ക്കും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികൾക്കുമെതിരെ ബംഗ്ലാദേശ് പൊലീസ് വീണ്ടും കേസെടുത്തു. ചിന്മയ് കൃഷ്ണ ദാസാണ് മുഖ്യപ്രതി. കൂടാതെ 164 അനുയായികൾക്കും തിരിച്ചറിയാത്ത അഞ്ഞൂറോളം പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഹെഫാസത്ത് ഇ ഇസ്ലാം പ്രവർത്തകനായ ഇനാമുൽ ഹഖിന്റെ പരാതിയിലാണ് നടപടി. പരമ്പരാഗത വസ്ത്രം ധരിച്ചതിന്റെ പേരിൽ നവംബർ 26 ന് ചിറ്റഗോംഗ് കോടതി വളപ്പിൽ വച്ച് ചിന്മയ് കൃഷ്ണദാസിന്റെ അനുയായികൾ തന്നെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ വലത് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇതിനുപിന്നാലെ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു.
ചിന്മയ് കൃഷ്ണദാസിനെ തടങ്കലിൽവച്ചതുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് നിരവധി പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. രാഷ്ട്രീയ പ്രവർത്തകരെയും ഇസ്‌കോൺ അംഗങ്ങളെയും ഉൾപ്പെടുത്തി രംഗം സിനിമാ തീയേറ്ററിന് സമീപം ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഒരു വ്യവസായി ഡിസംബർ മൂന്നിന് പരാതി നൽകിയിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ചിന്മയ് കൃഷ്ണദാസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ജനുവരി രണ്ടിനാണ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സന്ന്യാസിമാർക്കെതിരെയുള്ള പൊലീസ് നടപടി അടക്കമുള്ളവ മൂലം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
ഓഗസ്റ്റിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ മാറ്റമുണ്ടായെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള മുഹമ്മദ് തൗഹീദ് ഹുസൈൻ അടുത്തിടെ പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതോടെയാണിതെന്നും ഹുസൈൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |