നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച് നിറത്തിലുള്ള സാരിയിൽ താരിണിയും അതിസുന്ദരിയായാണ് എത്തുന്നത്. വിവാഹപ്പന്തലിലേക്ക് എത്തുന്നതിന് മുമ്പ് അളിയന് മുന്നിൽ വച്ച് പുഷപ്പ് എടുത്ത് ശരീരം ഫിറ്റാക്കാനും കാളിദാസ് മറന്നില്ല.
സാധാരണയായി പുറത്തൊക്കെ പോകുമ്പോൾ ഒരുങ്ങുന്നതിനായി താരിണി മൂന്ന് മണിക്കൂർ സമയമങ്കിലും എടുക്കാറുണ്ടെന്നും എന്നാൽ ഇന്ന് സ്വന്തം വിവാഹത്തിന് അവൾ എത്രനേരം എടുക്കുമെന്ന് താൻ നോക്കി ഇരിക്കുകയാണെന്നും കാളിദാസ് പറയുന്നു. വീഡിയോയിൽ കണ്ണാ...നീ സൂപ്പറെന്ന് അമ്മ പാർവതി പറയുന്നുമുണ്ട്. അണിഞ്ഞൊരുങ്ങി തന്റെ മുന്നിലേക്ക് വന്ന കാളിദാസിനെ കണ്ടപ്പോൾ 'താൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു' എന്നാണ് താരിണി പറഞ്ഞത്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ അനുഗ്രഹം അടക്കം വാങ്ങിയതിന് ശേഷമാണ് ഇരുവരും വിവാഹപ്പന്തലിലേക്ക് പോയത്.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ്, സംവിധായകൻ മേജർ രവി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ചെന്നൈയിൽ പ്രീവെഡിംഗ് ആഘോഷങ്ങൾ നടത്തിയിരുന്നു. 2023 നവംബറിൽ ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം.
ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബാഗമായ തരിണി നീലഗിരി സ്വദേശിയാണ്. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടം ചൂടി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമുണ്ട്. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം കഴിഞ്ഞ മേയിലാണ് ഗുരുവായൂരിൽ നടന്നത്. 1992 സെപ്തംബർ ഏഴിന് ജയറാമും പാർവതിയും വിവാഹിതരായതും ഗുരുവായൂരിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |