ദുബായ്: യുഎഇയിലെ ഏറ്റവും പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇന്ത്യക്കാർ. ഇന്ത്യയിൽ നിന്ന് യുഎഇയിൽ എത്തുന്ന യാത്രക്കാർക്കും യാത്രസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന എജന്റുമാർക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഇതേത്തുടർന്നുണ്ടാകുന്നത്. നേരത്തെ ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ് വിസ നിഷേധിക്കുന്നതെങ്കിൽ പുതിയ നിയമം കാരണം അത് അഞ്ച് മുതൽ ആറ് ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ക്രമീകരണങ്ങൾ നടത്തിയിരുന്ന യാത്രക്കാർ പോലും പുതിയ നിയമങ്ങൾ പ്രകാരം വിസ അംഗീകരിച്ച് കിട്ടാൻ പാടുപെടുകയാണ്. വിസ നിഷേധിക്കുന്നതിനെ തുടർന്ന് അപേക്ഷ ഫീസ് മാത്രമല്ല നഷ്ടപ്പെടുന്നത്. ഇതോടൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ അടക്കമുള്ള തുകയാണ്. യുഎഇയിൽ വിസിറ്റിംഗ് വിസയെടുത്ത് വരുന്നവർക്കുള്ള നിയമങ്ങളിൽ അടുത്തിടെയാണ് വലിയ മാറ്റങ്ങൾക്കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം യുഎഇയിലേക്ക് സന്ദർശക വിസയിൽ എത്തുന്നവർ, ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ രേഖകൾ, തിരിച്ചു നാട്ടിലേക്ക് പോകേണ്ട വിമാന ടിക്കറ്റ്, ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെങ്കിൽ അതിന്റെ രേഖകൾ എന്നിവ കയ്യിൽ കരുതണം. എന്നാൽ ഭൂരിഭാഗം പേർക്കും ഇതേക്കുറിച്ച് കൃത്യമായ അവബോധമില്ല. ഇതേത്തുടർന്നാണ് പലരും വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നത്. ഈ രേഖകൾ ഒന്നും കൈവശമില്ലാത്തവർക്ക് വിസ അംഗീകരിച്ച് നൽകാൻ യുഎഇ തയ്യാറാകുന്നില്ല.
സന്ദർശക വിസയിൽ യുഎഇ വരുത്തിയ മാറ്റങ്ങൾ
സന്ദർശനത്തിന് ശേഷം യുഎഇ വിടാനുള്ള തങ്ങളുടെ ഉദ്ദേശ്യം കാണിക്കാൻ വിനോദസഞ്ചാരികൾ അവരുടെ സ്ഥിരീകരിച്ച റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ഒരു പകർപ്പ് കയ്യിൽ കരുതണം. നേരത്തെ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് കാണിക്കേണ്ടതുള്ളൂ.
സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നവർ തങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ മുറിയുടെ രേഖകൾ കയ്യിൽ കരുതണം. ഇനി ബന്ധുക്കളുടെ വീടുകളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ കയ്യിലുണ്ടാകണം.
യാത്രയ്ക്കിടെയുള്ള ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടാകണം. ഇതിന്റെ തെളിവിനായി അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ കയ്യിൽ കരുതണം. അല്ലെങ്കിൽ നിങ്ങളെ സ്‌പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ നൽകേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |